തിരുവനന്തപുരം: വാർഡ് വിഭജനം വന്നതോടെ വഴുതക്കാട് വാർഡിൽ വഴുതക്കാടെന്ന സ്ഥലമില്ല. പുതിയ വാർഡ് വിഭജനത്തിനെതിരെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കി. ഇനിമുതൽ വഴുതക്കാട് പാളയത്തിന്റെ സ്വന്തമാകും. വാർഡ് വിഭജനത്തോടെ ബേക്കറിയിൽ നിന്ന് വഴുതക്കാട് ജംഗ്ഷനിൽ എത്തുമ്പോൾ ഇടതു വശത്തെ എല്ലാ ഭാഗങ്ങളും പാളയം വാർഡിന്റേതാകും. വിമൻസ് കോളേജ്, ഫോറസ്റ്റ് ഓഫീസ് ലെയിൻ, ഗണപതി കോവിൽ,മന്ത്രി മന്ദിരം സാനഡു,ബേക്കറി ഐലന്റ് ഉൾപ്പെടെ വഴുതക്കാടിന്റെ പ്രൗഢിയും കാലങ്ങളായുള്ള അടയാളങ്ങളുമാണ് പുതിയ വാർഡ് വിഭജനത്തോടെ വെട്ടിമാറ്റപ്പെടുന്നത്. കൂടാതെ വഴുതക്കാട്ടുള്ള എൻ.എസ്.എസ് കരയോഗവും, പ്ലാപ്പള്ളി ലെയിൻ,മുരളി ലെയിൻ എന്നിവ വഴുതക്കാടിന്റേതല്ലാതാകും. ഒപ്പം 1887ൽ സ്ഥാപിതമായ വിമൻസ് കോളേജും വഴുതക്കാടിൽ നിന്ന് വെട്ടിമാറ്റപ്പെടും. കോളേജിന്റെ ഒരു ഗേറ്ര് മുതൽ മറു ഗേറ്രു വരെ 'വിമൻസ് കൊറിഡോർ' എന്ന പേരിൽ പ്രസിദ്ധമാണ്.
ഇന്ന് പ്രതിഷേധ യോഗം
പുതിയ അതിർത്തി നിർണണയവും വാർഡ് വിഭജനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വഴുതക്കാട് റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് 4ന് വഴുതക്കാട് ജംഗ്ഷനിൽ പ്രതിഷേധ യോഗം നടത്തും. വഴുതക്കാട് മഹാഗണപതി കോവിൽ ട്രസ്റ്ര്,ശ്രീ വിഘ്നേശ്വര എൻ.എസ്.എസ് കരയോഗം,വ്യാപാരി വ്യവസായി ഏകോപന സമിതി,വിവിധ റസിഡന്റ്സ് അസോസിയേഷൻ,സാമുദായിക,സാംസ്കാരിക,സാമൂഹിക,രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ എന്നിവർ പ്രതിഷേധ ധർണയിൽ പങ്കെടുക്കും.
വാർഡ് വിഭജനത്തോടെ പാളയത്തെ ജനസംഖ്യ-10266-ലേക്ക് ഉയരും
വഴുതക്കാട്ടെ ജനസംഖ്യ-90160 ആയി ചുരുങ്ങും.
ശാസ്തമംഗലത്തെ ജനസംഖ്യ -8000 ആയി കുറയും.
വാർഡ് വിഭജനം ജനസംഖ്യാനുപാതത്തിലാകരുത്. ഭൂവിസ്തൃതി കൂടി കണക്കിലെടുക്കണം. വാർഡ് വിഭജനം വന്നാൽ വഴുതക്കാടിലെ 1000 ജനസംഖ്യ കുറഞ്ഞ് പാളയം വാർഡിലേക്ക് മാറ്റപ്പെടും. ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം മുറിച്ചുമാറ്റപ്പെടുന്നത് വരുമാനത്തെ ബാധിക്കും. നഗരസഭയിൽ നിന്നുള്ള ഫണ്ട് ലഭ്യതയുൾപ്പെടെ ഇത് ബാധിക്കും.
അഡ്വ.രാഖി രവികുമാർ(വഴുതക്കാട് കൗൺസിലർ)