
തിരുവനന്തപുരം: പതിനെട്ടാംപടിയിൽ ശ്രീകോവിലിന് പുറംതിരിഞ്ഞ് നിന്ന് പൊലീസുകാർ ഫോട്ടോയെടുത്ത സംഭവം അറിവില്ലായ്‌മയാൽ സംഭവിച്ചതാകാനാണ് സാദ്ധ്യതയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് കേരളകൗമുദിയോട് പറഞ്ഞു. പതിനെട്ടാംപടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമായ സാഹചര്യത്തിലായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം. ഈ സംഘത്തിലുണ്ടായിരുന്ന പൊലീസുകാരെല്ലാം വളരെ മികച്ച നിലയിൽ സേവനമനുഷ്ഠിച്ചവരാണ്. ഒരു മിനിട്ടിൽ 85 ഭക്തരെ വരെ പതിനെട്ടാംപടി കടത്തിവിടുന്ന നിലയിൽ ആത്മാർത്ഥമായി ജോലി ചെയ്തവരാണ്. പക്ഷേ ഈ വിഷയത്തിൽ അറിവില്ലാതെയാണ് പ്രവർത്തിച്ചത്. സംഭവം നിർഭാഗ്യകരമായിപ്പോയി. പൊലീസ് ഇതുസംബന്ധിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നുണ്ട്. പതിനെട്ടാംപടിക്ക് മുകളിൽ മൊബൈലോ ക്യാമറയോ ഉപയോഗിച്ചാൽ കർശന നടപടിയുണ്ടാവുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.