തിരുവനന്തപുരം: വാർഡ് വിഭജനത്തിന്റെ പേരിൽ നഗരസഭ കൗൺസിലിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം മുതലെടുത്ത് കൗൺസിലിന്റെ പരിഗണനയ്ക്കെത്തിയ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി വിഷയങ്ങൾ ചർച്ചയില്ലാതെ പാസാക്കി. 20 മിനിട്ട് മാത്രമാണ് കൗൺസിൽ നടന്നത്. വിദ്യാഭ്യാസ കായികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി പാസാക്കിയ 3 അജൻഡ, ടൗൺ പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ(1), മരാമത്ത്കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി (68)ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി (44), ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി (59), വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി (3), ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി (25) എന്നിങ്ങനെയുള്ള 203 അജൻഡകളാണ് പാസാക്കിയത്. പ്രശ്നമുള്ള അജൻഡകളും ഇതിനിടയിൽ പാസാക്കി.

കൗൺസിൽ യോഗത്തിൽ ബി.ജെ.പിയാണ് ആദ്യം പ്രതിഷേധിച്ചത്. ബി.ജെ.പി കൗൺസിലർമാർ മേയറുടെ ഡയസിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. വാർഡ് വിഭജനവും മേയറുടെ അഴിമതികൾക്കെതിരെയും പ്ലക്കാർഡുകളും ഉയർത്തി. പ്രതിഷേധം തുടരവേ മേയർ ഇടപെട്ട് അജൻഡകൾ പാസാക്കാൻ അറിയിച്ചു. തുടർന്ന് യു.ഡി.എഫ് അംഗങ്ങളും വാർഡ് വിഭജനത്തിനെതിരെ ബാനറുമായി രംഗത്തെത്തി. ബഹിഷ്‌കരണത്തിനിടയിൽ മേയറുടെ ഡയസിൽ കയറി മുദ്രാവാക്യം വിളിച്ചു. യു.ഡി.എഫ് അംഗങ്ങൾ ഡയസിൽ പ്രതിഷേധിച്ചതോടെ ബി.ജെ.പി കൗൺസിലർമാരും ഡയസിലേക്ക് കയറി മുദ്രാവാക്യം വിളിച്ചു. ഇതിനിടയിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ വിഷയങ്ങൾ അവതരിപ്പിച്ച് പൂർത്തിയാക്കി യോഗം മേയർ പിരിച്ചുവിട്ടു. മേയറുടെ മുടവൻ മുകൾ വാർഡും, ബി.ജെ.പി നേതാവ് എം.ആർ.ഗോപന്റെ നേമം വാർഡും അല്പം പോലും വത്യാസം കൂടാതെ നിലനിറുത്തിയ വാർഡ് വിഭജന പ്രക്രിയ സി.പി.എം ബി.ജെ.പി രഹസ്യധാരണയുടെ ഉദാഹരണമാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.പത്മകുമാർ ആരോപിച്ചു.