1

നെയ്യാറ്റിൻകര: യു.പിനാടോടിനൃത്തം, ഒന്നാം സ്ഥാനം നിരഞ്ജന... ഫലപ്രഖ്യാപനം കേട്ടതും അവൾ അമ്മൂമ്മയുടെ മാറിലേക്ക് വീണ് തേങ്ങി. അമ്മയ്ക്കു കൊടുത്ത വാക്കു പാലിച്ചു. പക്ഷേ, കെട്ടിപ്പിടിച്ച് ഉമ്മ നൽകാൻ പെറ്റമ്മയില്ല... ക്യാൻസർ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയിട്ട് നാളുകളേ ആവുന്നുള്ളൂ.

തിരുവനന്തപുരം ജില്ലാ കലോത്സവ വേദിയാണ് മനം പിടഞ്ഞ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. വെഞ്ഞാറമൂട് ഗവ. യുപി.എസിലെ 6–ാം ക്ലാസ് വിദ്യാർത്ഥിനിയാണ് വി.എസ്.നിരഞ്ജന. അച്ഛൻ ഉപേക്ഷിച്ചു പോയപ്പോഴും അവളുടെ നൃത്ത മോഹങ്ങൾക്ക് ഒപ്പം നിന്നത് അമ്മ സരിതയായിരുന്നു. കൂലിപ്പണിയെടുത്ത് അവളെ പഠിപ്പിച്ചു. ആറു മാസം മുൻപാണ് ക്യാൻസർ സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 21ന് മകളെ തനിച്ചാക്കിപ്പോയി. 24നായിരുന്നു ആറ്റിങ്ങൽ ഉപജില്ലാ കലോത്സവത്തിൽ നിരജ്ഞനയുടെ മത്സരം. നൊമ്പരം ഉള്ളിലൊതുക്കി അവൾ ചുവടുവച്ചു. ഒന്നാം സ്ഥാനത്തോടെ ജില്ലാ കലോത്സവത്തിനെത്തി. ഭരതനാട്യത്തിൽ നിരഞ്ജന രണ്ടാം സ്ഥാനം നേടിയിരുന്നു.

സരിതയുടെ മരണ ശേഷം പുനലൂരിൽ അമ്മൂമ്മ സരോജത്തിനൊപ്പമാണ് നിരഞ്ജന. അവിടെ മുറുക്കാൻ കടയാണ് സരോജത്തിന്. സരിതയുടെ സഹോദരിമാരായ ബിന്ദുവും സൗമ്യയും നൃത്താദ്ധ്യാപിക നമിതയും നിരഞ്ജനയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. 'എന്റെ മകൾ എല്ലാം കാണുന്നുണ്ടാവും. അവളുടെ വിജയമാണിത് ''- കണ്ണീർ തുടച്ചുകൊണ്ട് സരോജം പറഞ്ഞു.