
നെയ്യാറ്റിൻകര : രണ്ടാഴ്ചത്തേക്ക് ന്യൂസിലാൻഡിൽ നിന്ന് ജില്ലാ കലോത്സവത്തിന് എത്തിയതാണ് രശ്മി ടീച്ചർ. എന്നാൽ പഠിപ്പിച്ച വിദ്യാർത്ഥികൾ രണ്ടുപേരും നൃത്ത ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയതോടെ ഇനി സംസ്ഥാന കലോത്സവം കഴിഞ്ഞിട്ടേ ടീച്ചർ മടങ്ങു. കുച്ചിപ്പുടിയിൽ എച്ച്.എസ് വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ സെന്റ് തോമസ് സ്കൂളിലെ എട്ടാം ക്ലാസുകാരി ജുവൽ അപ്പീൽ വഴി എത്തിയാണ് ഒന്നാംസ്ഥാനം നേടിയത്.പൂന്തുറ സെൻ്റ് ഫിലോമിനാസ് സ്കൂളിലെ പത്താം ക്ലാസുകാരി അഥീന ഭരത നാട്യത്തിനു ഒന്നാമതെത്തി ടീച്ചർക്ക് അഭിമാനമായി.പരിശീലനം ഓൺലൈൻ വഴി ആയിരുന്നെങ്കിലും മത്സരം അടുക്കാറായപ്പോൾ രശ്മി നാട്ടിലെത്തി.ഓൺലൈനിൽ പാതിരാത്രിയിലും ക്ലാസുകൾ എടുത്തിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് രശ്മി കാർമ്മൽ സ്കൂളിൽ നിന്ന് നൃത്ത ഇനങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഇതേ സ്കൂളിൽ നൃത്ത അധ്യാപിക ആയിരിക്കെയാണ് അവിടെ വിദ്യാർത്ഥി ആയിരുന്ന അഥീനയെ പരിചയപ്പെടുന്നത്. വിവാഹശേഷം ഭർത്താവ് വിനോഷിനൊപ്പം ന്യൂസിലൻഡിലേക്ക് പോകുകയായിരുന്നു.