1
നഗരസഭയ്ക്ക് മുന്നിൽ കൗൺസിലർ മേരിപുഷ്പം സമരമിരിക്കുന്നു

തിരുവനന്തപുരം: ഒരു വർഷത്തിലേറെയായി തന്റെ വാർഡിലെ ഡ്രെയിനേജ്‌ പ്രശ്‌നത്തിന്‌ പരിഹാരം കാണാൻ തയാറാകാത്ത കോർപ്പറേഷൻ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച്‌ രാപകൽ സമരമിരുന്ന്‌ വാർഡ്‌ കൗൺസിലർ. കുന്നുകുഴി വാർഡ്‌ കൗൺസിലർ മേരി പുഷ്‌പമാണ്‌ ഇന്നലെ വൈകിട്ടോടെ നഗരസഭ ഓഫീസിന് മുന്നിൽ രാപകൽ സമരത്തിനൊരുങ്ങിയത്‌. കുന്നുകുഴി വാർഡിലെ തേക്കുംമൂട്, ബാർട്ടൺഹിൽ, ആർ.സി പ്രദേശങ്ങളിൽ പൊതുകക്കൂസ്‌ മാലിന്യം പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട്‌ നാളേറെയായി.

അങ്ങോട്ടടിച്ച് ഇങ്ങോട്ടടിച്ച്

40 വർഷം മുൻപ്‌ പണിത മാൻഹോൾ മാറ്റി പുതിയത്‌ സ്ഥാപിക്കാൻ പലതവണ കൗൺസിലർ കോർപ്പറേഷൻ മേയർ ഉൾപ്പെടെയുള്ളവർക്ക്‌ പരാതി നൽകിയെങ്കിലും പരിഹാരമായില്ല. സ്വീവേജ്‌ വൃത്തിയാക്കണമെന്ന്‌ പറഞ്ഞപ്പോൾ മാൻഹോൾ ക്ളീനിംഗ്‌ വിഭാഗം നഗരസഭയല്ലായെന്ന മറുപടിയാണ്‌ ലഭിച്ചത്‌. സ്വീവേജ്‌ ക്ളീനിംഗ്‌ വാട്ടർ അതോറിട്ടിയുടെ ഉത്തരവാദിത്വമാണെങ്കിലും നഗരസഭ പണിത പൊതുകക്കൂസും പൈപ്പ്‌ ലൈനുമായതിനാൽ തങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തില്ലെന്നുപറഞ്ഞ്‌ അവരും കൈയൊഴിഞ്ഞു. മൂക്കുപൊത്തി പോലും പ്രദേശവാസികൾക്ക്‌ ജീവിക്കാൻ വയ്യാത്ത സ്ഥിതിയാണ്‌. നഗരസഭ പല ഡ്രെയിനേജ്‌ ലൈനുകളും മാൻഹോളിലേക്ക്‌ നൽകുന്നതിനുപകരം ഓടകളിലും തോടുകളിലുമാണ്‌ ഘടിപ്പിക്കുന്നതെന്നും അത്തരം പ്രവൃത്തികൾ കാരണമാണ്‌ ഡ്രെയിനേജ്‌ പൊട്ടി ഒഴുകുന്ന സ്ഥിതിയുണ്ടാകുന്നതെന്നും കൗൺസിലർ ആരോപിച്ചിരുന്നു. ബുധനാഴ്‌ച വൈകിട്ട്‌ കോർപ്പറേഷൻ കൗൺസിൽ യോഗം കഴിഞ്ഞയുടൻ തന്റെ വാർഡിലെ പ്രശ്‌നങ്ങൾക്ക്‌ അടിയന്തര പരിഹാരം ഉണ്ടാകുന്നതുവരെ താൻ സമരം നടത്തുമെന്ന്‌ കൗൺസിലർ പ്രഖ്യാപിച്ചു. ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ഇന്നുമുതൽ ഉപവാസസമരം നടത്തുമെന്നും മേരി പുഷ്‌പം പറഞ്ഞു.