shekharan

തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷനിലെ കവാടത്തിൽ ഇനി കാവലായി ശേഖരനെന്ന നായയില്ല. കഴിഞ്ഞ 18 വർഷത്തിലേറെയായി പേട്ട റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ഒപ്പമുണ്ടായിരുന്ന ശേഖരന്റെ വിയോഗത്തിൽ അന്തിമോപചാരമായി ശേഖരന്റെ ചിത്രം കവാടത്തിൽ തന്നെ പതിപ്പിച്ചിരിക്കുകയാണ് സ്റ്റേഷൻ പരിസരത്തെ ഓട്ടോ ഡ്രൈവർമാരായ സുഹൃത്തുക്കൾ. കുഞ്ഞായിരുന്നപ്പോഴാണ് ശേഖരൻ സ്റ്റേഷൻ പരിസരത്ത് എത്തുന്നത്. ഓട്ടോക്കാർ നൽകുന്ന ഭക്ഷണവും കഴിച്ച് സ്റ്റേഷൻ കവാടത്തിൽ എപ്പോഴുമുണ്ടാകും.

ശേഖരന് എന്തെങ്കിലും കൊടുക്കാതെ, അതിനോട് കുറച്ചുനേരം ചെലവഴിക്കാതെ ഒരു ദിവസം പോലും മടങ്ങാറില്ലെന്ന് ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.

പുലർച്ചെ മുതൽ തങ്ങളോടൊപ്പം ഉണ്ടാകും. പേവിഷബാധ ഏൽക്കാതിരിക്കാൻ വാക്സിൻ വരെ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു. പേട്ട പള്ളിമുക്ക് സ്വദേശികളായ അശോക് കുമാറും ദിവാകരനും പറയുന്നു. ഇതേരീതിയിലുള്ള പല ഓർമ്മകളും താജുദീൻ, അനിൽകുമാർ, മനോജ്, സൂരജ്, അയ്യപ്പൻ, പ്രസന്നകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർക്കും പറയാനുണ്ടായിരുന്നു.