
തിരുവനന്തപുരം: ആശാൻ മെമ്മോറിയൽ അസോസിയേഷൻ (ചെന്നൈ) നൽകുന്ന 2024ലെ ആശാൻ സ്മാരക കവിതാ പുരസ്കാരത്തിന് വി.എം.ഗിരിജ അർഹയായി. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. പി.വി.കൃഷ്ണൻ നായർ ചെയർമാനും കവി ദേശമംഗലം രാമകൃഷ്ണൻ, നിരൂപക ശാരദക്കുട്ടി എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. സ്വപ്നങ്ങളുടെയും സങ്കല്പങ്ങളുടെയും ചിറകുകൾ ഉണ്ടായിട്ടും പറക്കാൻ കഴിയാത്തവർക്ക് വാക്കിന്റെ ചിറകുകൾ നൽകുന്ന കവിയാണ് വി.എം.ഗിരിജയെന്ന് ജൂറി വിലയിരുത്തി. ഡിസംബർ 21ന് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാഡമി വൈസ് ചെയർമാൻ അശോകൻ ചരുവിൽ പുരസ്കാരം സമർപ്പിക്കുമെന്നും ചടങ്ങിൽ കവിയും നോവലിസ്റ്റുമായ മനോജ് കുറുർ മുഖ്യപ്രഭാഷണം നടത്തുമെന്നും ആശാൻ അസോസിയേഷൻ പ്രസിഡന്റ് ഡോ. സി.കെ.രവിയും ജനറൽ സെക്രട്ടറി ശ്യാമള ജയപ്രകാശും അറിയിച്ചു.