
തിരുവനന്തപുരം : വ്യവസായരംഗത്ത് കേരളം പുതിയ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണെന്നും ഈ സ്ഥിതി തുടർന്നാൽ 15 വർഷത്തിനുള്ളിൽ ലോകനിലവാരത്തിലേക്ക് എത്തുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. കൗമുദി ടി.വി സംഘടിപ്പിച്ച ഇൻഫ്രാ,ഇൻവെസ്റ്റ്മെന്റ് ആൻഡ് ബിസിനസ് കോൺക്ലേവ് ഹോട്ടൽ ഓ ബൈ താമരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൂര്യൻ പടിഞ്ഞാറ് ഉദിച്ചാലും കേരളം വ്യവസായ സൗഹൃദത്തിൽ ഒന്നാമതാകുന്നത് അസംഭവ്യം എന്നാണ് പലരും വിശ്വസിച്ചിരുന്നത്. പക്ഷേ അത് സാധിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളം ഒന്നാമതെത്തി. വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ ഒന്നാമതാണ്. 50 കോടിയിൽ താഴെയുള്ള വ്യവസായം തുടങ്ങാൻ കെ സ്വിഫ്റ്റിൽ രജിസ്റ്റർ ചെയ്താൽ ഒരു മിനിട്ടു മതി. മൂന്നര വർഷത്തിനുള്ളിൽ ലൈസൻസ് എടുത്താൽ മതി. വ്യവസായങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് പിഴ ചുമത്താനുള്ള നിയമവും പാസാക്കി. എല്ലാ രേഖകളും സഹിതം അപേക്ഷിച്ചാൽ ഏഴു ദിവസത്തിനകം ലൈസൻസ് നൽകണമെന്ന നിയമം കേരളത്തിലുണ്ട്. മിന്നൽ പരിശോധനയുടെ പേരിൽ പരാതി ഉന്നയിച്ച ഒരു വ്യവസായ സ്ഥാപനം ആസ്ഥാനം കേരളത്തിൽ നിന്ന് മാറ്റുന്ന സ്ഥിതിയുണ്ടായി. അവർ ഉന്നയിച്ച കാര്യങ്ങളിൽ എന്തെങ്കിലും പരിഹരിക്കേണ്ടതുണ്ടോയെന്ന് നോക്കി. പരിശോധന ഒഴിവാക്കാനാകില്ല. എന്നാൽ, ഉദ്യോഗസ്ഥരുടെ ഇടപെടൽ ഒഴിവാക്കാനായി കേന്ദ്രീകൃത ഇൻസ്പെക്ഷൻ സംവിധാനം ആരംഭിച്ചു. സോഫ്റ്റുവെയർ തീരുമാനിക്കും ആര് പരിശോധിക്കണമെന്ന്. പരിശോധന പൂർത്തിയായാൽ 48 മണിക്കൂറിനകം റിപ്പോർട്ട് അപ്‌ലോഡ് ചെയ്യണം. കേരളത്തെ വ്യവസായ സൗഹൃമാക്കുന്നതിന് സാദ്ധ്യമായതെല്ലാം ചെയ്യും. മറ്റു മാദ്ധ്യമങ്ങൾക്ക് മാതൃകയായ കേരളകൗമുദിയുടെ ഈ ദൗത്യം തുടരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി കെ.രാജൻ മുഖ്യ അതിഥിയായി. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി അദ്ധ്യക്ഷനായിരുന്നു. കൗമുദി ടി.വി ന്യൂസ് ഹെഡ് ലിയോ സ്വാഗതവും ജനറൽ മാനേജർ അയ്യപ്പദാസ് നന്ദിയും പറഞ്ഞു. ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെ മന്ത്രിമാർ അനുമോദിച്ചു. മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ് മുത്തൂറ്റ്, ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ മുഹമ്മദ് ഷാഫി, ടാൽറോപ് സി.ഇ.ഒ സഫീർ നജുമുദ്ദീൻ,ബാങ്ക് ഓഫ് ബറോഡ ജി.എം ആൻഡ് സോണൽ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തിൽ, മോഹൻദാസ് കോളേജ് ഓഫ് എൻജിനിയറിംഗ് വൈസ് ചെയർമാൻ കൃഷ്ണമോഹൻ, റീഎനർജി സിസ്റ്റം എം.ഡി റോയ് ക്രിസ്റ്റി, വല്ലത്ത് എഡ്യൂക്കേഷൻ എം.ഡി കല്യാണി വല്ലത്ത്, മെട്രോപോളിറ്റൻ ഹോസ്‌പിറ്റൽ ഡയറക്ടർ വി.കെ.ഗോപിനാഥൻ, മൈൻഡ് പവർ ട്രെയിനർ സെലിബ്രിറ്റി ആൻഡ് ബിസിനസ് കോച്ച് സുജ.ആർ.മോഹൻ, അഗസ്ത്യ നാഡി വൈദ്യശാല ഡയറക്ടർ ഡോ.വിവേക്.ജെ.എസ്, കേരള സ്റ്റേറ്റ് സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.
കേരളകൗമുദിയുടെ ഉപഹാരം മന്ത്രി പി.രാജീവിന് മാർക്കറ്റിംഗ് ജനറൽ മാനേജർ ഷിറാസ് ജലാലും മന്ത്രി കെ.രാജന് മാർക്കറ്റിംഗ് ജനറൽ മാനേജർ സുധീർ കുമാറും നൽകി.