animal

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പ്രത്യേകിച്ച് മലയോര മേഖലകളിലും വനാതിർത്തികളിലും ഉടലെടുക്കുന്ന മനുഷ്യമൃഗ സംഘർഷത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. സമൂഹത്തിൽ ഭീതി വിതയ്ക്കുന്ന ഇത്തരം സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ ഭരണകൂടങ്ങൾ നൽകുന്ന ഉറപ്പുകൾ പലതും പാഴ്‌വാക്കായി മാറുകയാണ്. ഇടുക്കി പീരുമേട്ടിൽ സ്കൂൾ കുട്ടികൾക്ക് നേരെ കാട്ടാന പാഞ്ഞടുത്ത് വന്നതാണ് ഒടുവിലത്തെ സംഭവം. ഇടുക്കിയിലും വയനാട്ടിലും ഇത്തരത്തിൽ തുടരുന്ന മനുഷ്യക്കുരുതിക്ക് അന്ത്യമാകണമെങ്കിൽ പ്രശ്നത്തിന് ശാശ്വതമായ പരിഹാര നടപടികൾ നടപ്പിലാക്കേണ്ടതുണ്ട്.

കാരണങ്ങൾ പലത്

മുമ്പൊരിക്കലും കേരളം കാണാത്ത വിധത്തിലുള്ള മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പോരാട്ടഭൂമിയായി കേരളം മാറുകയാണ്. പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനും ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയും ചേർന്ന് കേരളത്തിൽ 2022ൽ നടത്തിയ പഠനത്തിൽ വന്യജീവി ആക്രമണങ്ങൾ വർദ്ധിക്കുന്നതിന് പല കാരണങ്ങളുണ്ടെന്നാണ് പറയുന്നത്. ആഗോള പ്രതിഭാസമായ കാലാവസ്ഥാ വ്യതിയാനം,​ സംസ്ഥാനത്തെ ഭൂവിസ്തൃതിയിൽ 30 ശതമാനമുള്ള വനത്തിന്റെ സ്വാഭാവികതയിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. വനത്തിനകത്തെ ഭക്ഷ്യ-ജല ലഭ്യതയിലെ കുറവും മൃഗങ്ങളെ പുറത്തെത്തിക്കുന്നതിന് കാരണമാകുന്നുണ്ട്. അശാസ്ത്രീയമായ വന സംരക്ഷണം, വനമേഖലയോട് ചേർന്നുള്ള കാർഷിക മേഖലകളിലെ വിളകളുടെ സ്വഭാവത്തിലുണ്ടായ മാറ്റം എന്നിവയും എടുത്ത് പറയേണ്ടതാണ്. ആനത്താരകൾ കെട്ടിയടച്ച് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഇതിന് കാരണമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.

നിയമം തടസമാവുമ്പോൾ

അടിക്കടി വന്യജീവി ആക്രമണമുണ്ടായ വയനാട്ടിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളിൽ പൊലീസ് പകച്ച് നിൽക്കുന്ന കാഴ്‌ചയും കേരളം കണ്ടതാണ്. കാടിറങ്ങി വരുന്ന ആന, പന്നി, കടുവ, കാട്ടുപോത്ത്, കുരങ്ങ്, മാൻ, മയിൽ, കടുവ, പുള്ളിപ്പുലി തുടങ്ങിയ വന്യജീവികളെ ആക്രമിക്കുന്നതും വധിക്കുന്നതും നിയമം മൂലം നിരോധിച്ചിരിക്കുകയാണ്. മനുഷ്യർക്ക് ജീവാപായവും വലിയ കൃഷി നാശം മൂലമുള്ള സാമ്പത്തിക പ്രശ്‌നങ്ങളും വനാർത്തിർത്തി മേഖലകളെ പിടിച്ചുലച്ചിട്ടും നിയമം മൂലം ബന്ധിതമായിരിക്കുന്ന അവസ്ഥയിൽ ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടങ്ങൾ പോലും നോക്കുകുത്തികളായി മാറുന്നു. 1972 -ലെ കേന്ദ്ര വന്യജീവി സംരക്ഷണം നിയമത്തിൽ മാറ്റം വേണമെന്ന നിരന്തര ആവശ്യം കേരളത്തിലെ കർഷകർ നിരന്തര

മായ ആവശ്യമാണ്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ വ്യാപക കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നിയെ പോലും ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലാനാവില്ല. പന്നിക്ക് പുറമേ കൂട്ടമായെത്തുന്ന ആനകൾ കൃഷിയിടങ്ങളിൽ വരുത്തുന്നത് ഭീമമായ നഷ്ടമാണ്. കാട് നശിക്കുമ്പോഴാണ് കാട്ടിലെ മൃഗങ്ങൾ നാട്ടിലിറങ്ങുന്നത് എന്ന പതിവ് പല്ലവി ആവർത്തിക്കുന്നതിനപ്പുറം, മനുഷ്യ വന്യജീവി സംഘർഷങ്ങളുടെ ശരിയായ കാരണങ്ങൾ കണ്ടെത്തി ശാസ്ത്രീയ പ്രതിരോധ സംവിധാനങ്ങൾ നടപ്പാക്കേണ്ട സാഹചര്യം സംസ്ഥാനത്തെ ഭരണകൂടങ്ങൾ വേണ്ട രീതിയിൽ മനസിലാക്കണം.

പെരുകുമ്പോൾ

വേണ്ടത് നിയന്ത്രണം

കാടിനുള്ളിലെ ആവാസ വ്യവസ്ഥ ജീവികളുടെ ഭക്ഷണക്രമത്തിൽ കൂടി അധിഷ്ഠിതമാണ്. ഭക്ഷണത്തിനുള്ള വേട്ട, രോഗം, ഭക്ഷണത്തിന്റെയോ പ്രജനന സ്ഥലങ്ങളുടെയോ ദൗർലഭ്യത, പ്രകൃതിദുരന്തങ്ങൾ എന്നിവ കാരണമുള്ള സംഖ്യാ നിയന്ത്രണങ്ങളില്ലെങ്കിൽ മൃഗങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കും. എന്നാൽ വന്യജീവികളുടെ നിയന്ത്രണം സ്വാഭാവികമായി ഉണ്ടാകുന്നില്ലെങ്കിൽ അതിലേക്ക് ഭരണാധികാരികളുടെ ശ്രദ്ധ പതിയേണ്ടതുണ്ട്. പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിനെ പോലെ രംഗത്തെ പരിണിത പ്രജ്ഞരായവർ പോലും വന്യജീവികളെ നിയന്ത്രിക്കേണ്ട അവസ്ഥ പലപ്പോഴും എടുത്തു പറഞ്ഞിട്ടുണ്ട്. നിലവിലെ നിയമങ്ങളിൽ കാലോചിതമായ പൊളിച്ചെഴുത്താണ് നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നത്. കാട്ടുപന്നിപോലെയുള്ള ചെറിയ ക്ഷുദ്രജീവികളെ സ്വയംരക്ഷയ്ക്കായി നേരിടാൻ സാധാരണ ജനങ്ങൾക്ക് കഴിയും. എന്നാൽ ആന, കടുവ, പുലി തുടങ്ങിയ വന്യജീവികളെ നേരിടുന്നതിനുള്ള ഉത്തരവാദിത്വം വനം വകുപ്പിൽ നിക്ഷിപ്തമാണ്. അതുകൊണ്ട് തന്നെ കാടിറങ്ങി വരുന്ന മൃഗങ്ങളെ മനുഷ്യർക്ക് ഭീഷണിയാവുന്ന നിയമപ്രകാരം ഉന്മൂലനം ചെയ്യുന്ന ഉത്തരവാദിത്വപരമായ നടപടികളിലേക്ക് കൃത്യമായ ആലോചനകൾകൾക്കു ശേഷം സർക്കാർ നടപ്പിലാക്കണം.

വേണ്ടത് ഇരു

സർക്കാരുകളുടെയും ഏകോപനം

വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങൾ ഇല്ലാതാക്കാനും വിഷയത്തിൽ ഫലപ്രദമായ പരിഹാര നടപടികൾ ഉണ്ടാകാനും വേണ്ടത് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഏകോപനമാണ്. അനന്തമായി നീണ്ടുപോകാത്ത വിശദമായ പഠനങ്ങൾ ഇത് സംബന്ധിച്ച് ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. കൃത്യമായുള്ള പഠനങ്ങളുടെ അടിസ്ഥാനത്തില നിയമങ്ങൾ പരിഷ്‌ക്കരിച്ച് മനുഷ്യന്റെയും മൃഗങ്ങളുടെയും ആവാസ വ്യവസഥയിൽ സന്തുലനം കൊണ്ടുവരാനാവണം സർക്കാരുകൾ ശ്രമിക്കേണ്ടത്. വന്യജീവി ആക്രമണങ്ങൾ മനുഷ്യജീവനും കൃഷിക്കും അവാസവ്യവസ്ഥയ്ക്കും കടുത്ത നാശനഷ്ടങ്ങളുണ്ടാക്കുെേമ്പാൾ പരസ്പരം പഴിചാരിയും അതിൽ രാഷ്ട്രീയം കലർത്തിയും ഇനിയും ജനങ്ങളെ വിഡ്ഡികളാക്കരുത്. വൈദ്യുത വേലി, കിടങ്ങ് നിർമാണം, സോളാർ ഫെൻസിംഗ്േ, കാടിനകത്ത് ജല-ഭക്ഷ്യ ലഭ്യത ഉറപ്പ് വരുത്തൽ, എസ്.എം. എസ് അലർട്ട് സിസ്റ്റം, കമ്യൂണിറ്റി അലാം, തുടങ്ങി പലയിടങ്ങളിലും ആവിഷ്‌കരിച്ച പദ്ധതികൾ ധാരാളമുണ്ടെങ്കിലും ഫലപ്രദമായും ശാസ്ത്രീയമായുഗ ഇവ നടപ്പാക്കാത്തതിനാൽ പ്രശ്‌നങ്ങൾ അങ്ങനെ തന്നെ തുടരുകയാണ്. കാര്യകാരണസഹിതമുള്ള വിശദീകരണങ്ങൾക്ക് എപ്പോഴും ചെവികൊടുക്കാൻ കേരളത്തിലെ അഭ്യസ്തവിദ്യരായ ജനങ്ങൾ തയ്യാറാണ്. സങ്കീർണ്ണമായ ഒരു വിഷയത്തിന്റെ പേരിൽ അവരെ ഇനിയും തെരവുവിലേക്ക് വലിച്ചിഴയ്ക്കുന്ന സ്ഥിതി ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഭരണകൂടങ്ങൾ കാട്ടേണ്ടതുണ്ട്.