നെയ്യാറ്റിൻകര: ജില്ലാകലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം നാടക മത്സരത്തിൽ തുടർച്ചയായ മൂന്നാം വർഷവും വഴുതക്കാട് കാർമ്മൽ സ്‌കൂളിന് ഒന്നാം സ്ഥാനം. ഇന്നലെ നടന്ന മത്സരത്തിൽ അളവ് എന്ന നാടകം അവതരിപ്പിച്ചാണ് കാർമലിലെ വിദ്യാർത്ഥിനികൾ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് യോഗ്യത നേടിയത്. ആനക്കല്ലി സുരേഷ് എന്ന വ്യക്തിയുടെ ബാല്യം മുതലുള്ള ജീവിതത്തിലൂടെയാണ് നാടകം മുന്നേറുന്നത്. മിടുക്കനായ അവന്റെ സ്‌കൂളിലെ പ്രണയം ജീവിതത്തിന്റെ അളവ് തെറ്റിക്കുന്നു. തുടർന്ന് നാടുവിട്ട അവൻ ഒരു ഗുണ്ടയായി തിരിച്ചെത്തുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. ആർഷ, അനാമിക.എ.എൽ, അനാമിക.എസ്. ജി,ദേവകി.ഡി.എസ്,ഫറാ.എ,ഫിയോണ,ഗൗരി പാർവതി,അപർണ കൃഷ്ണൻ,നിഖിത,റോഷ്നി എന്നിവരാണ് ടീമിലുണ്ടായിരുന്നത്.മികച്ച അഭിനേതാവായി ഗുണ്ട ആനക്കല്ലി സുരേഷ് എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി ആർഷ.ജെ.ആർ തിരഞ്ഞെടുക്കപ്പെട്ടു. പേയാട് ചാമവിള ജെ.ജെ നിവാസിൽ ഓട്ടോ ഡ്രൈവറായ ജോയ് പ്രകാശിന്റെയും സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ വി. രജിതയുടെയും മകളാണ് ആർഷ. കാർമ്മൽ സ്‌കൂളിലെ തന്നെ പ്ലസ് വൺ വിദ്യാർത്ഥി ആർദ്ര സഹോദരിയാണ്.