lal

മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാന് നാളെ ചിത്രീകരണം പൂർത്തിയാകും. മലമ്പുഴയിലാണ് എമ്പുരാന്റെ അവസാന ഘട്ട ചിത്രീകരണം. മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ ലൊക്കേഷനിലുണ്ട്. വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന സീനുകളാണ് സംവിധായകൻ പൃഥ്വിരാജ് ചിത്രീകരിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് ചെന്നൈയിലും ഉത്തരേന്ത്യയിലും ഗൾഫിലും വിദേശ രാജ്യങ്ങളിലും ചിത്രീകരണം ഉണ്ടായിരുന്നു. ഡൽഹി - ഹരിയാന അതിർത്തിയിൽ ഫരീദാബാദിൽ ആയിരുന്നു ആദ്യ ഷെഡ്യൂൾ. തിരുവനന്തപുരത്തും കൊച്ചിയിലും ചിത്രീകരണം ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് പുറമെ ഇരുപതോളം രാജ്യങ്ങളിൽ എമ്പുരാന്റെ ചിത്രീകരണം ഉണ്ടായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ എമ്പുരാൻ പുറത്തിറങ്ങും. മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജുവാര്യർ, ഇന്ദ്രജിത്ത് തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്. കൂടാതെ നിരവധി വിദേശ താരങ്ങളുമുണ്ട്. 2019ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫർ. 200 കോടി ക്ളബിൽ കയറിയുകയും ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഒരുവർഷത്തോളം നീണ്ടതായിരുന്നു ചിത്രീകരണം. ആശീർവാദ് സിനിമാസിനൊപ്പം രാജ്യത്തെ പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമ്മാണം. മാർച്ച് 27ന് എമ്പുരാൻ റിലീസ് ചെയ്യും.