
തിരുവനന്തപുരം: അവഗണനയിൽ ലിസ്റ്റിലെ തലപ്പത്ത്. കാച്ചാണി വാർഡിലെ ഭൂമാദേവി ക്ഷേത്രം റോഡിന്റെ സ്ഥിതിയാണ്. തിരുവനന്തപുരം കോർപ്പറേഷന് കീഴിലുള്ള ഏറ്റവും മോശപ്പെട്ട റോഡുകളുടെ പട്ടികയിലാണ് കാച്ചാണി ഭൂമാദേവീ ക്ഷേത്രം റോഡ് എന്ന് നാട്ടുകാർ ആരോപിക്കുന്നു. 2017 ന് ടാറിംഗ് നടത്തിയശേഷം ഈ റോഡിൽ നാളിതുവരെ ഒരു മരാമത്ത് പണിയും നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ ഒരു ഭാഗം 2020-ൽ ടാറിടലും ഇന്റർലോക്കും നടന്നിരുന്നു. ബാക്കി പണി പാതിയിൽ ഉപേക്ഷിച്ചു. റോഡിന്റെ ഒരു വശം കുന്നിൻചരിവാണ്. കുന്നിൽ നിന്നുള്ള ജലമൊഴുക്ക് മൂലം റോഡ് മഴക്കാലത്ത്എല്ലാക്കാലത്തും വെള്ളക്കെട്ടായി നാട്ടുകാർക്ക് സഞ്ചാരദുരിതം വിതയ്ക്കക്കുകയാണ്.
വെള്ളക്കെട്ടിന് മുകളിൽ മണ്ണിട്ട് നികത്തിയ അശാസ്ത്രീയമായ ടാറിംഗിനെതിരെ അന്ന് നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. ഓട നിർമ്മിക്കാത്തതിനാൽ റോഡിന്റെ കുറേ ഭാഗം ചെളിയും വെള്ളക്കെട്ടുമായി പ്രദേശവാസികൾക്ക് യാത്രാദുരിതം സൃഷ്ടിക്കുകയാണ്. റോഡിന്റെ ഈ ശോച്യാവസ്ഥ പരിഗണിക്കാതെ കഴിഞ്ഞ ആഴ്ച വാട്ടർ അതോറിറ്റി പൈപ്പിടാൽ കുഴിയെടുത്തു നികത്താതെ ഉപേക്ഷിച്ചത് ഇരട്ടി ദുരിതം സൃഷ്ടിച്ചിരിക്കുകയാണ്. ഓട നിർമിക്കാൻ ഭൂമാദേവി ക്ഷേത്രം റോഡിനു വീതി കുറവാണ് എന്ന കൗൺസിലറുടെ വാദത്തെയും നട്ടുകാർ ചോദ്യം ചെയ്യുന്നു. റോഡിലെ വെള്ളക്കെട്ടുള്ള ഭാഗത്തു ഓട നിർമ്മിച്ച് റോഡ് കോൺക്രീറ്റ് ചെയ്‌തു റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പി.രമ (കാച്ചാണി വാർഡ് കൗൺസിലർ)
വാർഡിലെ എല്ലായിടത്തും വികസന പ്രവർത്തനങ്ങൾ ഫണ്ടനുസരിച്ച് ചെയ്തുവരുന്നുണ്ട്. ഭൂമാദേവീ ക്ഷേത്രം റോഡ് വരുന്ന മാർച്ചിലെ ഫണ്ടിൽ പണി പൂർത്തിയാക്കും.