aanakal

വിതുര: വന്യമൃഗങ്ങൾ കൈയടക്കി ബോണക്കാട് വിതുര റോഡ്. കാട്ടാനയും കാട്ടുപോത്തുമുൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്. ബോണക്കാട് വനാന്തരങ്ങളിൽ മഴ കനത്തതോടെയാണ് കാട്ടുമൃഗങ്ങൾ നാട്ടിലേക്കെത്തിയത്. വന്യമൃഗങ്ങൾ ഇവിടെ തമ്പടിക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസത്തോളമാകുന്നു.കാട്ടാനയും കാട്ടുപോത്തും പ്രദേശവാസികളെ ആക്രമിക്കാൻ ശ്രമിച്ച സംഭവവുമുണ്ടായി.ഫോട്ടോയും വീഡിയോയും പകർത്താൻ ശ്രമിച്ചവരെയും ആനകൾ ഓടിച്ചു. ബോണക്കാട് സന്ദർശിക്കാനെത്തിയ ടൂറിസ്റ്റുകളേയും ആനക്കൂട്ടം ഭയപ്പെടുത്തി ഓടിച്ചു.വനമേഖലയോട് ചേർന്നുള്ള പ്രദേശമായതിനാൽ കാട്ടുമൃഗങ്ങൾ വളരെ പെട്ടെന്ന് റോഡിലേക്കിറങ്ങുകയാണ് പതിവ്. രാത്രിയുറക്കം റോഡിലാണ്.പുലർച്ചെ ബസുകളെത്തി മിനിറ്റുകളോളം ഹോൺമുഴക്കുമ്പോഴാണ് കാട്ടാനക്കൂട്ടം വനത്തിലേക്ക് കയറുന്നത്.പൊൻമുടി, പേപ്പാറ റൂട്ടിലെയും അവസ്ഥ വിഭിന്നമല്ല. വന്യമൃഗശല്യം വർദ്ധിച്ച സാഹചര്യത്തിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനത്തിലാണ് വനംവകുപ്പ്.

ഭയന്നുള്ള ജീവിതം

വന്യമൃഗങ്ങൾ റോഡ് കൈയടക്കിയതോടെ ബോണക്കാട് നിവാസികൾ ഭീതിയിലാണ്. ഭയത്തോടെ യാത്ര ചെയ്യേണ്ട അവസ്ഥയാണ് നിലവിൽ.നേരത്തെ വിതുരയിൽ നിന്നും ബോണക്കാട്ടേക്ക് പുറപ്പെട്ട ദമ്പതികളെ കാട്ടാനക്കൂട്ടം ആക്രമിക്കാൻ ശ്രമിക്കുകയും ഇവർ സഞ്ചരിച്ച ബൈക്ക് അടിച്ചുതകർക്കുകയും ചെയ്തിരുന്നു. കഷ്ടിച്ചാണ് ദമ്പതികൾ രക്ഷപ്പെട്ടത്. ജോലികഴിഞ്ഞ് വിതുരയിലേക്ക് ബൈക്കിൽ സഞ്ചരിച്ച രണ്ടുപേരെ കാട്ടാനക്കൂട്ടം ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവവുമുണ്ട്.

മാസങ്ങളായിട്ടും നടപടിയില്ല

മേഖലയിൽ വന്യമൃഗശല്യംരൂക്ഷമായിട്ട് മാസങ്ങളേറെയായി. അനവധിപേർ ആക്രമണത്തിന് വിധേയരായിട്ടും നടപടികളുണ്ടായില്ല. നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന മേഖലയാണിത്. വാഴ്വാൻതോൽ വെള്ളച്ചാട്ടം കാണാനും ധാരാളം സഞ്ചാരികളെത്തുന്നു. വന്യമൃഗശല്യത്തിന് തടയിടാൻ ആനക്കിടങ്ങും വൈദ്യുതിവേലിയും നിർമ്മിക്കുമെന്ന വനപാലകരുടെ വാഗ്ദാനം ജലരേഖയായി മാറി.അടിയന്തരനടപടികൾ സ്വീകരിക്കുമെന്ന് പേപ്പാറ വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.

ജാഗ്രത വേണം

വനപാലകരുടെ നിർദ്ദേശമില്ലാതെ വനത്തിനുള്ളിലേക്ക് പ്രവേശിക്കരുത്

വന്യമൃഗങ്ങളുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കരുത്