
വർക്കല: ചില്ലറ വില്പനക്കാർക്ക് ലഹരി വസ്തുക്കൾ എത്തിച്ചു നല്കി വന്നിരുന്ന യുവാവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. പനയറ എണാറുവിള ഷിജുഭവനിൽ ഷിജു (ചില്ലു,34) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 14ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വർക്കല പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 10.07 ഗ്രാം എം.ഡി.എം.എയുമായി ചെറുന്നിയൂർ സ്വദേശി മുകേഷ് (36) അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ ഷിജുവിൽ നിന്നാണ് ലഹരിവസ്തുക്കൾ വില്പനയ്ക്കായി ലഭിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രദേശത്തെ ലഹരി വില്പനക്കാരിൽ പ്രധാനിയും കുട്ടികളെ തട്ടിക്കൊണ്ട് പോകൽ, കൊലപാതകശ്രമം, അടിപിടി കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയുമാണ് ഷിജുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.