
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് സൂപ്പർഹിറ്റായ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിച്ച ദാസൻ പറയുന്നൊരു ഡയലോഗുണ്ട്, 'ഒരു ജോലി കിട്ടിയിട്ട് വേണം അവധി എടുക്കാൻ". പക്ഷെ നമ്മുടെ നാട്ടിലെ ചില ഉദ്യോഗസ്ഥ പ്രമാണിമാർ ഇതങ്ങു തിരുത്തി. 'ഒരു സർക്കാർ ജോലി കിട്ടയിട്ട് വേണം സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങാൻ" എന്നാക്കി. ആസനത്തിൽ ആലുകിളിർത്താൽ അതിന്റെ കൊമ്പത്ത് ഊഞ്ഞാൽ കെട്ടി ആടാനും ഉളുപ്പില്ലാത്ത നല്ലൊരു വിഭാഗം സമൂഹത്തിൽ മാന്യന്മാരായി ഞെളിഞ്ഞു നടക്കുന്നു എന്നതിന്റെ വലിയ ഉദാഹരണമാണ് ഇപ്പോൾ കേൾക്കുന്ന വാർത്തകൾ. 1458 ഉദ്യോഗസ്ഥ പ്രഭുക്കളാണ് നാണവും മാനവുമില്ലാതെ സാമൂഹ്യ സുരക്ഷാപെൻഷൻ വാങ്ങി പോക്കറ്റിലിട്ട് നടക്കുന്നത്.
സാമ്പത്തിക പ്രാരാബ്ധമുള്ളവർ, പലവിധ ജീവിത ക്ളേശങ്ങളുള്ളവർ, ആലംബഹീനർ തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവർക്ക് മരുന്നോ റേഷനരിയോ ഒക്കെ വാങ്ങാൻ വേണ്ടിയാണ് സർക്കാർ സാമൂഹിക സുരക്ഷാ പെൻഷൻ ഏർപ്പെടുത്തിയത്. അത് ഏർപ്പെടുത്തിയതിനെപ്പറ്റിയും കാലാകാലങ്ങളിൽ വർദ്ധന വരുത്തിയതിനെപ്പറ്റിയുമൊക്കെ രാഷ്ട്രീയമായ പലവിധ വാദപ്രതിവാദങ്ങളും തുടർച്ചയായി നടക്കുന്നുണ്ട്. അതുപോട്ടെ. അധികാര രാഷ്ട്രീയം നിലവിലുള്ളപ്പോൾ അത്തരത്തിലുള്ള അവകാശവാദങ്ങൾ എല്ലാവർക്കും വേണ്ടിവരും. ആരു നടപ്പാക്കിയാലും ആര് വർദ്ധന വരുത്തിയാലും പൊതു നന്മയുടെ ഭാഗമാണല്ലോ ഈ പെൻഷൻ പദ്ധതി. പക്ഷെ എന്ത് അബദ്ധത്തിന്റെ പേരിലായാലും അർഹതയില്ലാത്ത ചില്ലിക്കാശെങ്കിലും തന്റെ പോക്കറ്റിലേക്ക് എത്തുന്നുണ്ടെന്ന് കണ്ടാൽ അത് വേണ്ടെന്ന് വയ്ക്കാനുള്ള ധാർമികതയല്ലേ കാട്ടേണ്ടത്. ഇനി ധാർമികതയില്ലെങ്കിൽ കൂടി ഇത്തരം പ്രവൃത്തികൾ കാട്ടുന്നതിനും ഒരു അതിരില്ലെ. സ്വന്തം കുറ്റം കൊണ്ടല്ല ഈ പട്ടികയിൽ പെട്ടുപോയതെന്നും അതു നടപ്പാക്കുന്ന സംവിധാനത്തിലെ പിഴവ് കാരണമാണെന്നും ഒരു വാദത്തിന്റെ പേരിൽ സമ്മതിച്ചാൽ പോലും കുറെ നാളുകൾ കഴിയുമ്പോഴെങ്കിലും ഇത് തിരിച്ചറിഞ്ഞ്, ഉപേക്ഷിക്കാൻ മനസ് കാട്ടേണ്ടേ. ജനങ്ങളുടെ നികുതി പണം കൊണ്ടാണല്ലോ സാമൂഹിക സുരക്ഷാ പെൻഷനും നൽകുന്നത്. അല്ലാതെ ആകാശത്ത് നിന്ന് പെയ്യുന്ന നോട്ടുമഴയിൽ നിന്ന് വാരിക്കൂട്ടിയല്ലല്ലോ. 'കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി"..
കൈയ്യിടുന്നത്
'പാവപ്പെട്ടവന്റെ പിച്ചചട്ടിയിൽ"
കോളേജ് അദ്ധ്യാപകരും ഈ കൂട്ടത്തിൽ ഉണ്ടെന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ ലജ്ജിച്ച് തല മണ്ണിൽ പൂഴ്ത്തുകയാണ് വേണ്ടത്. യു.ജി.സി സ്കെയിലാണ് മാസാമാസം വാങ്ങുന്നത്. അതു തന്നെ വരും വലിയൊരു തുക. ചില്ലറ പ്രാരാബ്ധവും പങ്കപ്പാടുമൊക്കെയുള്ള കുടുംബമാണെങ്കിൽ പോലും അതെല്ലാം കഴിഞ്ഞ് ഭേദപ്പെട്ട തുക മിച്ചം വയ്ക്കാനുമാവും. (ധൂർത്തടി ശീലമുണ്ടെങ്കിൽ പൊറുക്കുക, ഒന്നും തികയാതെ വരും. ശരാശരി മനുഷ്യരായിട്ട് ജീവിക്കുന്നവരുടെ കാര്യമാണ് പറഞ്ഞത്). കാലാകാലങ്ങളിൽ ആവശ്യത്തിലധികം ശമ്പള വർദ്ധനയും ഉണ്ടാവുന്നുണ്ട്. ഇനി സർവീസിലെ കിള കഴിഞ്ഞ് വീട്ടിലിരുന്നാലും കിട്ടും കഴിഞ്ഞു കൂടാനുള്ള പെൻഷൻ. ഇതൊന്നും പോരാഞ്ഞിട്ടാണ് പാവപ്പെട്ടവന്റെ പിച്ചചട്ടിയിൽ കൈയ്യിട്ടു വാരുന്നത്.
മെഡിക്കൽ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, മൃഗസംരക്ഷണം, കൃഷി, റവന്യൂ തുടങ്ങി ജുഡീഷ്യറി വരെയുള്ള മിടുക്കന്മാരാണ് സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങി ജീവിതം ഉന്തി നീക്കുന്നത്. ഓരോ ഉദ്യോഗസ്ഥന്റെയും ശമ്പള സ്കെയിൽ പരിശോധിക്കുമ്പോഴാണ് ഇവരുടെയൊക്കെ തൊലിക്കട്ടി മനസിലാവുന്നത്. റവന്യൂ പോലുള്ള ചില വകുപ്പുകളിൽ ശമ്പളത്തിന് പുറമെ നല്ല കിമ്പളവും കിട്ടുന്നുണ്ട്. കഴുത്തറുത്ത് മേടിക്കാൻ നല്ലൊരു ശതമാനത്തിനും യാതൊരു സങ്കോചവുമില്ല താനും. റവന്യൂ വകുപ്പിൽ അത്ര ഉയർന്ന പദവിയിലൊന്നുമല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കിടക്കയ്ക്കടിയിൽ നിന്ന് ഒരു കോടിയോളം രൂപ വിജിലൻസ് പിടികൂടിയത് മാസങ്ങൾക്ക് മുമ്പ് കേരളം കണ്ടതാണ്. മാസത്തിൽ കുറഞ്ഞത് രണ്ട് പേരെങ്കിലും റവന്യൂവകുപ്പിൽ കൈക്കൂലിക്ക് പിടിയിലാവാറുണ്ട്. എന്നിട്ടും ആർത്തി പണ്ടാരങ്ങൾക്ക് മതിയാവുന്നില്ല.
കൃത്യമായ ഇടവേളകളിൽ ശമ്പള കമ്മീഷനുകൾ വരാറുണ്ട്. അവരുടെ നിർദ്ദേശാനുസരണം ഉദ്യോഗസ്ഥർക്ക് കാലോചിതമായ വേതന വർദ്ധനയും സർക്കാർ വരുത്താറുണ്ട്. എന്നിട്ടും അതിനും മേലേ എന്തെങ്കിലും കിട്ടണമെന്ന് മോഹിച്ചാൽ അത് അതിമോഹമെന്നല്ലാതെ എന്തു പറയാൻ.
ഇത്രയും പരിഹാസ്യമായ ഒരു കണ്ടെത്തൽ നടത്തിയിട്ട് അതിന് ഭരണതലത്തിൽ നിന്നുള്ള പ്രതികരണമാണ് ഏറ്റവും രസാവഹം. അനർഹരായ ആരെങ്കിലും സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അവരിൽ നിന്നും പലിശ സഹിതം തുക തിരിച്ച് പിടിക്കുമെന്ന വലിയ ഭീഷണിയാണ് മുഴക്കിയിട്ടുള്ളത്. ഈ മുന്നറിയിപ്പിൽ പേടിച്ചിട്ടാവും എല്ലാവരും ഇതറിഞ്ഞതു മുതൽ വാങ്ങിയ പണം തിരികെ നൽകാൻ ക്യൂ നിൽക്കുന്നത്. ഇപ്പോൾ പുറത്തു വരുന്നതു പ്രകാരം അനർഹമായത് ആരെങ്കിലും കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ എടുക്കുന്ന നടപടികൾ ഒരു മുന്നറിയിപ്പു കൂടിയാവണം. മേലിൽ ഒരാൾ പോലും ഇത്തരത്തിലുള്ള ക്രമക്കേടുകൾക്ക് കൂട്ടു നിൽക്കില്ലെന്ന മുന്നറിയിപ്പ്. പുറമെ ആർത്തി പണ്ടാരങ്ങളായ, കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്ക് മനഃശാസ്ത്രപരമായ ബോധവത്ക്കരണം കൂടി നൽകുന്നത് ആലോചിക്കാവുന്നതാണ്. ആർത്തിമൂത്ത് കെട്ടിപ്പെറുക്കി വയ്ക്കുന്നത് അവസാനം കൂടെ കൊണ്ടുപോകാൻ വ്യവസ്ഥയില്ലെന്ന സത്യമെങ്കിലും അത്തരക്കാരുടെ ദുർബ്ബലമനസുകളെ ബോദ്ധ്യപ്പെടുത്തണം.
ഇതുകൂടി കേൾക്കണേ
ഇപ്പോൾ വെളിപ്പെട്ട വിവരങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാണ് വിവാദത്തിലേക്ക് നയിച്ചത്. സാമൂഹിക സുരക്ഷാ പെൻഷന് ആൾക്കാരെ തിരഞ്ഞെടുക്കുമ്പോൾ അവർക്ക് അർഹതയുണ്ടോ എന്ന് വിലയിരുത്താനുള്ള മാനദണ്ഡം അവർ പിടിച്ച കൊടിയുടെ നിറമാകരുത്. വരമ്പത്തിരുന്നവനും വരമ്പ് വെട്ടിയവനും ചക്രക്കറക്കം കണ്ടു നിന്നവനും ചക്രം ചവുട്ടിയവനും തെങ്ങിൽ കയറിയവനും ചുവട്ടിൽ കണ്ടു നിന്ന് രസിച്ചവനും ഒരേ പരിഗണനയാവരുത് നൽകുന്നത്.