
സർക്കാരിന്റെ സാമൂഹിക ക്ഷേമ പെൻഷൻ മുടങ്ങുമ്പോൾ അതിനി എന്നു വരുമെന്ന് ആരായുന്ന ലക്ഷക്കണക്കിന് വയോജനങ്ങൾ ഉള്ള സംസ്ഥാനമാണ് കേരളം. മരുന്നു വാങ്ങാനായി ആ തുകയ്ക്കു വേണ്ടി കാത്തിരിക്കുന്നവരും കുറവല്ല. തികച്ചും അർഹരായ ഒട്ടേറെപ്പേർക്ക് ക്ഷേമ പെൻഷൻ ലഭിക്കുന്നുണ്ട്. അതുപോലെ തന്നെ, അർഹതയുള്ള പലർക്കും ഇനിയും ക്ഷേമ പെൻഷന്റെ ലിസ്റ്റിൽ കടന്നുകൂടാനും കഴിഞ്ഞിട്ടില്ല. പക്ഷേ, സർക്കാർ ഉദ്യോഗസ്ഥരും കോളേജ് അദ്ധ്യാപകരും ഉൾപ്പെടെ 1458 പേർ സർക്കാർ പ്രതിമാസം നൽകുന്ന 1600 രൂപ കൈപ്പറ്റുന്നു എന്നത് ഞെട്ടിക്കുന്ന വാർത്തയാണ്. കക്കാൻ സൗകര്യമുണ്ടെന്നു കരുതി വെളുക്കുവോളം കക്കരുത് എന്നല്ലാതെ ഇവരോട് എന്തു പറയാൻ! സർക്കാരിന്റെ നല്ല ഉദ്ദേശ്യത്തോടുകൂടിയുള്ള ഒരുമാതിരിപ്പെട്ട പദ്ധതികളൊക്കെ അട്ടിമറിക്കാൻ വിരുതു കാട്ടുന്നതിൽ സർക്കാർ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം ഒട്ടും പിന്നോട്ടല്ല. എന്നാൽ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്നവർ കൂടിയാണ് ഇവരെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വാർത്ത.
സർക്കാരിന്റെ ശമ്പളം പറ്റുന്നവർക്ക് ക്ഷേമപെൻഷന് അർഹതയില്ല. വാർഷിക കുടുംബ വരുമാനം ഒരുലക്ഷം രൂപയിൽ താഴെയായിരിക്കുന്നവർക്കു മാത്രമേ ക്ഷേമ പെൻഷന് അർഹതയുള്ളൂ. അതായത്, പ്രതിമാസ വരുമാനം പതിനായിരം രൂപ പോലും ആകാൻ പാടില്ല. എന്നാൽ സർക്കാർ ഉദ്യോഗസ്ഥരുടെയും മറ്റും മൊത്തം ശമ്പളം ശരാശരി കണക്കാക്കിയാൽപ്പോലും പ്രതിദിനം അയ്യായിരം രൂപയിൽ കൂടുതലാണെന്നു കാണാനാകും. ഒരിക്കൽ ലിസ്റ്റിൽ കയറിക്കൂടിയവർ അറിയാതെ ഗുണഭോക്തൃ പട്ടികയിൽ തുടർന്നതാണെന്നും പറയാനാവില്ല. ഈ ക്ഷേമപെൻഷൻ വാങ്ങാൻ ഓരോ വർഷവും മസ്റ്ററിംഗ് നടത്തേണ്ടതുണ്ട്. അപ്പോൾ അറിഞ്ഞുകൊണ്ടു തന്നെയാണ് ഇവർ തുടർന്നതെന്നത് വ്യക്തമാണ്. പെൻഷൻ നൽകാനുള്ള സേവന സോഫ്ട്‌വെയറും ജീവനക്കാരുടെ ശമ്പള വിതരണത്തിനുള്ള സ്പാർക് സോഫ്‌റ്റ്‌വെയറും ബന്ധിപ്പിച്ച് ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെ ധനവകുപ്പ് നടത്തിയ പരിശോധനയിലാണ് വിവിധ വകുപ്പുകളിലെ ഗസറ്റഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ ഈ കൊള്ളരുതായ്‌മ കണ്ടെത്തിയത്. സർക്കാർ ജോലിയിലിരിക്കുന്ന ആളും ക്ഷേമപെൻഷൻ ലിസ്റ്റിലുള്ള ആളും ഒരേ ആധാർ നമ്പറിൽ വന്നതാണ് തട്ടിപ്പ് കണ്ടെത്താനിടയാക്കിയത്.
ക്ഷേമപെൻഷനിൽ അംഗങ്ങളെ ചേർത്തത് പഞ്ചായത്ത് തലത്തിലാണ്. അന്നുതന്നെ, രാഷ്ട്രീയ സ്വാധീനമുള്ള അനർഹർ ലിസ്റ്റിൽ കടന്നുകൂടിയെന്നും പിടിപാടില്ലാത്ത അർഹർ ഒഴിവാക്കപ്പെട്ടെന്നും ആരോപണം ഉയർന്നിരുന്നതാണ്. നാട്ടിലെ സാമാന്യം പണമുള്ളവരും അതേസമയം സർക്കാർ ജോലിയില്ലാത്തവരുമായ പലരും ഈ ലിസ്റ്റിൽ ഇനിയുമുണ്ടായിരിക്കും. അവർക്കെതിരെ നടപടി സ്വീകരിക്കാനൊന്നും പോയിട്ട് കാര്യമില്ല. മാന്യമായി ലിസ്റ്റിൽ നിന്ന് ഒഴിവാകാൻ അവസരം നൽകുകയാണ് സർക്കാർ ചെയ്യേണ്ടത്. എന്നിട്ടും വർഷാവർഷം മസ്‌റ്ററിംഗ് നടത്തി തുടരാൻ ശ്രമിക്കുന്നവരുണ്ടെങ്കിൽ കർശന പരിശോധനയോടെ അവരെ കണ്ടെത്തി കനത്ത പിഴ നൽകാനും തീരുമാനിക്കണം. ഒഴിവാക്കുന്നതിനു പകരം അർഹരായവരെ ഉൾപ്പെടുത്തുകയും വേണം. മാനദണ്ഡങ്ങൾ വെറുതെ നിശ്ചയിച്ചാൽ പോരാ. അതു പാലിക്കാനുള്ള ജാലകങ്ങളും ഏർപ്പെടുത്തണം. 60 ലക്ഷത്തോളം പേർക്കാണ് സർക്കാർ ക്ഷേമപെൻഷൻ നൽകുന്നത്. അനർഹർ ഒഴിവായാൽത്തന്നെ സർക്കാരിന്റെ ബാദ്ധ്യത നല്ല രീതിയിൽ കുറയും. കൃത്യമായി പെൻഷൻ നൽകാനും സാധിക്കും.