 ആറ് ദിവസത്തിനിടെ നഗരത്തിൽ മൂന്ന് സംഭവങ്ങൾ

തിരുവനന്തപുരം: ക്രമസമാധാന പാലനത്തിലെ വീഴ്ചകൾ കാരണം നഗരത്തിൽ ഗുണ്ടാ ആക്രമണങ്ങൾ പതിവാകുന്നു. ആറ് ദിവസത്തിനിടെ മുട്ടത്തറ,കഴക്കൂട്ടം,കരമന എന്നിവിടങ്ങളിൽ ആക്രമണങ്ങളുണ്ടായിട്ടും ഗുണ്ടാസംഘങ്ങളെ പൂട്ടാനോ അതിക്രമം തടയാനോ പൊലീസിന് സാധിക്കുന്നില്ലെന്നാണ് ആക്ഷേപം.​

പല സ്റ്റേഷനുകളും വേണ്ടത്ര പൊലീസുകാരില്ലാതെ ബുദ്ധിമുട്ടുന്നതിനിടെയുള്ള സംഭവങ്ങൾ പൊലീസിനും വെല്ലുവിളിയായി. പ്രധാന ഗുണ്ടാനേതാക്കളായ പുത്തൻപാലം രാജേഷിനെയും ഓംപ്രകാശിനെയും പൊലീസ് പൂട്ടിയെങ്കിലും നഗരത്തിൽ പലയിടത്തും ഗുണ്ടാസംഘങ്ങൾ വീണ്ടും തലപൊക്കിത്തുടങ്ങിയിട്ടുണ്ട്.

റെയ്ഡ് നടത്തിയിട്ട് മാസങ്ങൾ

ഓപ്പറേഷൻ ആഗിന്റെ ഭാഗമായി സിറ്റി പൊലീസ്‌ അവസാനമായി നടത്തിയ വലിയ റെയ്ഡ് മേയ് മാസത്തിലായിരുന്നു. അന്നത്തെ പരിശോധനയിൽ കാപ്പ പ്രതിയടക്കം മൂന്നുപേർ പിടിയിലായിരുന്നു. നേമം കല്ലിയൂർ സ്വദേശി അഖിൽ ദേവ്‌(ചന്ദ്രൂഷ്‌,33),നിരവധി കേസുകളിൽ പ്രതിയായ വിഴിഞ്ഞം സ്വദേശി ശ്രീജിത്ത്‌ (നന്ദു),ബീമാപള്ളി സ്വദേശി സജാദ് എന്നിവരെയാണ്‌ പിടികൂടിയത്. പിന്നീട് റെയ്ഡുണ്ടായില്ല.

പ്രത്യേക സ്‌ക്വാഡ് വേണം

ഭരണസിരാകേന്ദ്രവും പൊലീസ് ആസ്ഥാനം ഉൾപ്പെടെയുള്ള നഗരത്തിൽ ഗുണ്ടകളുടെ വിളയാട്ടം അതീവ ഗൗരവമുള്ളതാണ്. ഗുണ്ടകളെ അമർച്ചചെയ്യാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെങ്കിലും തുടർനിരീക്ഷണത്തിൽ പൊലീസിന് ശുഷ്‌കാന്തി കാണില്ല. ഗുണ്ടാവേട്ടയ്ക്ക് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്.

ഗുണ്ടാ-ലഹരി മാഫിയകൾ

പ്രധാന ഗുണ്ടാആക്രമണങ്ങളുടെ പശ്ചാത്തലം ലഹരിയാണ്. ലഹരി പാർട്ടിയോ വില്പനയോ ഉപയോഗമോ ആക്രമണങ്ങൾക്ക് കാരണമാകുന്നു. ലഹരി മാഫിയയുടെ അതിക്രമങ്ങൾ വർദ്ധിച്ചിട്ടും പൊലീസും എക്സൈസും നിസംഗത തുടരുകയാണെന്ന് ആക്ഷേപമുണ്ട്.

പൊലീസും ഷാഡോ പൊലീസും എക്‌സൈസും വല്ലപ്പോഴുമാണ് കഞ്ചാവു പിടിക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്.

കടത്തുന്നവരും ചില്ലറ കച്ചവടക്കാരും മാത്രം പിടിയിലാകുമ്പോൾ​ വമ്പൻ സ്രാവുകൾ സുരക്ഷിതരായിരിക്കും. അവരുടെ താവളങ്ങളിൽ റെയ്ഡ് നടത്താൻ പൊലീസും മെനക്കെടാറില്ല. ലഹരിക്കടത്ത് സംഘങ്ങളെ കണ്ടെത്തി പിടികൂടാൻ എല്ലാ ജില്ലകളിലും ഡിവൈ.എസ്‌പിമാരുടെ കീഴിൽ പ്രത്യേക സ്‌ക്വാഡും ഏകോപനത്തിന് പൊലീസ് ആസ്ഥാനത്ത് ഐ.ജിയുമുണ്ട്. പക്ഷേ,​ഒന്നും നടക്കുന്നില്ല.

സമീപകാലത്തെ ഗുണ്ടാ ആക്രമണങ്ങൾ

നവംബർ 27ന് കഴക്കൂട്ടത്ത് ഹോട്ടൽ ജീവനക്കാരനായ വെഞ്ഞാറമൂട് സ്വദേശി തൗഫീഖിനെ കഴക്കൂട്ടം

സ്വദേശി വിജീഷ് (സാത്തി),സഹോദരൻ വിനീഷ് (കിട്ടു) എന്നീ ഗുണ്ടകൾ ചേർന്ന് വെട്ടി.

25ന് മുട്ടത്തറയിൽ ഗുണ്ടാസംഘത്തിന്റെ വടിവാൾ ഭീഷണയും പടക്കമേറും

23ന് കരമനയിൽ കൊലപാതകക്കേസ് പ്രതികളുൾപ്പെടെയുള്ള ഗുണ്ടാസംഘം

ലഹരിപ്പാർട്ടി തടയാനെത്തിയ കരമന പൊലീസിനെ ആക്രമിച്ചു.

ഗുണ്ടാ ലിസ്റ്റിലുള്ളവരെ നിരീക്ഷിക്കുന്നുണ്ട്.

പരിശോധനകളും നടത്തുന്നു.

ജി.സ്‌പർജൻ കുമാർ,​

സിറ്റി പൊലീസ് കമ്മിഷണർ