കള്ളിക്കാട്: മൈലക്കരയിൽ തട്ടുകടക്കാരനെയും സഹോദരനെയും ഭക്ഷണം കഴിക്കാൻ എത്തിയവരേയും മർദ്ദിച്ച പൊലീസുകാരനും സഹോദരനും റിമാൻഡിൽ. മൈലക്കര ആലുമൂട്ടിൽ വീട്ടിൽ എ.ആർ ക്യാമ്പിലെ പൊലീസ് ഡ്രൈവർ രാഹുൽ നാഥ്(38),ഇയാളുടെ സഹോദരനും ഒാട്ടോ ഡ്രൈവറുമായ രാകേഷ് നാഥ്(40)എന്നിവരെയാണ് റിമാൻഡ് ചെയ്തത്.കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം.മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെപ്പറ്റി തിരക്കിയതാണ് പ്രകോപനമായത്.മൈലക്കരയിൽ ഇവരുടെ വീട്ടിനുമുന്നിൽ പ്രവർത്തിക്കുന്ന തട്ടുകട അടിച്ചു തകർക്കുകയും കടയുടമ സുധീഷിനെയും സഹോദരൻ അനീഷിനേയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഭക്ഷണം കഴിക്കാൻ ഇരുന്നവരേയും മർദ്ദിച്ചു.തട്ടുകടക്ക് മുന്നിൽ ഉണ്ടായിരുന്ന രതീഷിന്റെയും രവീന്ദ്രൻ നായരുടെയും ഇരുചക്രവാഹനങ്ങളും തകർത്തു. സുധീഷിന്റെ തലയിൽ 13 തുന്നലുണ്ട്. ഇരുവർക്കും എതിരെ വധശ്രമത്തിന് കേസെടുത്തു.സംഭവത്തിനുശേഷം സ്ഥലത്ത് നിന്നു രക്ഷപ്പെട്ട പ്രതികളെ നെയ്യാർ ഡാം പൊലീസ് പിടികൂടുകയായിരുന്നു.