
ആറ്റിങ്ങൽ: അജ്ഞാത വാഹനമിടിച്ച് ആറ്റിങ്ങൽ സി.എസ്.ഐ ആശുപത്രിക്ക് മുന്നിൽ ദേശീയപാതയുടെ മദ്ധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡ് അപകടാവസ്ഥയിൽ. ഒരു ദിശയിലേക്ക് രണ്ട് ട്രാക്കിലൂടെയും ഗതാഗതമുള്ളതിനാൽ വലതുവശത്തെ ട്രാക്കിലൂടെ വേഗത്തിൽ മറികടന്നെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് റോഡിലേക്ക് തള്ളി നിൽക്കുന്ന ഇരുമ്പ് ബാരിക്കേഡുകൾ പെട്ടെന്ന് ശ്രദ്ധിക്കാൻ കഴിയില്ല.ഈഭാഗത്ത് ചെറിയൊരു വളവുള്ളതിനാൽ അപകടമുണ്ടാവാനും സാദ്ധ്യതയേറെയാണ്. തകർന്ന ബാരിക്കേഡ് അടിയന്തരമായി നീക്കംചെയ്യാൻ ബന്ധപ്പെട്ട ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥരോട് അദ്ധ്യക്ഷ എസ്.കുമാരി ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചയോടെ ഭാഗികമായി ബാരിക്കേഡുകൾ നീക്കം ചെയ്തെങ്കിലും സ്ഥാനചലനം സംഭവിച്ച ശേഷിച്ച ബാരിക്കേഡുകൾ ഇപ്പോഴും റോഡിലേക്ക് കടന്നുനിൽക്കുന്ന അവസ്ഥയിലാണ്.