
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങൾ 2028 ഡിസംബറിൽ പൂർത്തിയാകും. ഇതോടെ തുറമുഖശേഷി പ്രതിവർഷം 45 ലക്ഷം കണ്ടെയ്നറുകളായി ഉയരും. 40വർഷത്തെ കരാർ കാലയളവിൽ തുറമുഖത്തിൽ നിന്ന് മൊത്തം 54,750 കോടി വരുമാനം പ്രതീക്ഷിച്ചിരുന്നത് 2,15,000 കോടിയാകും. ഇതിൽ സംസ്ഥാനത്തിന് 35,000കോടി വരുമാന വിഹിതം ലഭിക്കും. ജി.എസ്.ടിയിൽ 29,000കോടിയും. കോർപ്പറേറ്റ്, പ്രത്യക്ഷ വരുമാന നികുതിയിലും വർദ്ധനവുണ്ടാകും. 36 വർഷത്തെ പ്രവർത്തനകാലയളവിൽ 48,000കോടി സർക്കാരിന് കിട്ടും.
തുറമുഖ കമ്മിഷനിംഗിന് മുന്നോടിയായുള്ള സപ്ലിമെന്ററി കൺസഷൻ കരാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ അദാനി വിഴിഞ്ഞം പോർട്ട് സി.ഇ.ഒ പ്രദീപ് ജയരാമനും തുറമുഖ സെക്രട്ടറി കെ.എസ്.ശ്രീനിവാസും ഒപ്പിട്ടു. കരാർപ്രകാരം 2034മുതൽ സർക്കാരിന് വരുമാനവിഹിതം ലഭിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. തുറമുഖത്തിന്റെ മിനിമം സ്ഥാപിതശേഷി പ്രതിവർഷം 30ലക്ഷം കണ്ടെയ്നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വഴി ഇത് 45ലക്ഷമായി ഉയരും. ദക്ഷിണേന്ത്യയിലെ ഏറ്റവുമധികം ശേഷിയുള്ള കണ്ടെയ്നർ ടെർമിനലായി വിഴിഞ്ഞം മാറും.
വിഴിഞ്ഞം പോർട്ട് കോർപറേറ്റ് അഫയേഴ്സ് മേധാവി അനിൽ ബാലകൃഷ്ണൻ, അദാനി പോർട്സ് സി.ഇ.ഒ പ്രണവ് ചൗധരി, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, പോർട്ട് സി.എം.ഡി ദിവ്യ എസ്. അയ്യർ എന്നിവർ പങ്കെടുത്തു.
നഷ്ടപരിഹാരം ഒഴിവാക്കി
സമയത്ത് ഭൂമിയേറ്റെടുത്ത് കൈമാറാത്തതിന് സർക്കാർ നൽകേണ്ടിയിരുന്ന 30കോടി നഷ്ടപരിഹാരം പുതിയ കരാറിൽ ഒഴിവാക്കിയെന്ന് മന്ത്രി വാസവൻ. ആദ്യകരാർ പ്രകാരം അദാനിക്ക് സർക്കാർ നൽകേണ്ട വയബിലിറ്റി ഗ്യാപ് ഫണ്ട് 408.90 കോടിയായിരുന്നത് പുതിയ കരാറിൽ 365.10 കോടിയായി. 43.80 കോടി കുറയ്ക്കാനായി. ഇതിൽ 189.90കോടി ഇപ്പോൾ നൽകണം. എല്ലാഘട്ടങ്ങളും പൂർത്തിയായശേഷം 175.20 കോടി നൽകും. രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിന് അദാനി 10,000 കോടി മുടക്കും.
തുറമുഖത്തിന്റെ ആദ്യഘട്ടത്തിനുള്ള ചെലവ്- 8867കോടി
സംസ്ഥാന സർക്കാർ ചെലവിടേണ്ടത്- 5595കോടി
ഇതുവരെ സംസ്ഥാനം ചെലവിട്ടത്- 2,159.39കോടി
ആദ്യഘട്ടത്തിൽ അദാനി മുടക്കുന്ന തുക- 2454കോടി
കേന്ദ്രവിഹിതം ഇതുവരെ കിട്ടിയിട്ടില്ല- 817.80കോടി
''തുറമുഖത്തിന്റെ 95ശതമാനം നിർമ്മാണം പൂർത്തിയായി. ഡിസംബറിലോ ജനുവരി ആദ്യമോ കമ്മിഷനിംഗുണ്ടാവും
-മന്ത്രി വി.എൻ.വാസവൻ