hi

കിളിമാനൂർ:പാറ ഖനനത്തിന് പാരിസ്ഥിതിക അനുമതിയ്ക്കായുള്ള പൊതുതെളിവെടുപ്പ് പ്രതിഷേധത്തെ തുടർന്ന് നിറുത്തിവച്ചു. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ വണ്ടന്നൂരിൽ പ്രാരംഭ നടപടികൾ ആരംഭിച്ച മൈത്രി ഗ്രാനൈറ്റ്സ് എന്ന ബിൽഡിംഗ് സ്റ്റോൺ ക്വാറിയുടെ പാരിസ്ഥിതിക അനുമതിയ്ക്കായുള്ള പരിസ്ഥിതി പൊതുതെളിവെടുപ്പാണ് ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും പ്രതിഷേധത്തെ തുടർന്ന് നിറുത്തിവച്ചത്.

എ.ഡി.എമ്മിൻ്റെ സാന്നിദ്ധ്യത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഇന്നലെ രാവിലെ 10.30 ന് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയെങ്കിലും ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർക്ക് ഹാളിൽ പ്രവേശിയ്ക്കാനായില്ല. തെളിവെടുപ്പിന് തിരഞ്ഞെടുത്ത സ്ഥലം ക്വാറി പ്രദേശത്തുനിന്നും ഏറെ അകലെയായതും ബ്ലോക്ക് നമ്പർ രേഖപ്പെടുത്താതെയുള്ള സർവെ നമ്പരുകൾ രേഖപ്പെടുത്തി പത്രപ്പരസ്യം നൽകിയതിലും ദുരൂഹത ആരോപിച്ചാണ് പ്രതിഷേധിച്ചത്.

എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ നാട്ടുകാരുമായി നടത്തിയ പരിഹാര ചർച്ചക്കൊടുവിൽ ഉചിതമായ തീരുമാനം അറിയിയ്ക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധം അവസാനിപ്പിച്ചു.