mar

വക്കം: അഞ്ച് ലക്ഷം മുടക്കി സ്ഥാപിച്ച ബിന്നുകളിൽ നിന്ന് മാലിന്യം ശേഖരിക്കാത്തതോടെ കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ലിറ്റർ ബിന്നുകൾ നശിക്കുന്നു. ബിന്നുകൾ സ്ഥാപിച്ചയിടങ്ങളിൽ മാലിന്യകൂമ്പാരമാണ്. അഞ്ച് ലക്ഷം രൂപയുടെ പദ്ധതിയിൽ, ഒരെണ്ണത്തിന് 9,777 രൂപയാണ് ചെലവഴിച്ചത്. പദ്ധതി പ്രകാരം കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 51 ബിന്നുകളാണ് സ്ഥാപിച്ചിരുന്നത്. ശുചിത്വ മിഷന്റെ അർബൻ ആഗ്ലോമറെഷൻ ഫണ്ട്‌ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. 2023 ഒക്ടോബറിൽ നടപ്പിലാക്കിയ പദ്ധതിയുടെ തുടക്കം മുതലേ ആശയക്കുഴപ്പങ്ങളും ഉടലെടുക്കുകയായിരുന്നു. ബിന്നുകളിൽ നിറയുന്ന വേസ്റ്റ് നീക്കം ചെയ്യുന്ന പ്രവർത്തികൾ ആരെ ഏൽപ്പിക്കണമെന്ന ആശയക്കുഴപ്പവും പഞ്ചായത്തിന് ഉണ്ടായി. ആദ്യ ഘട്ടത്തിൽ ഹരിത കർമ്മ സേന പ്രവർത്തകർ ഇടവേള വിട്ടുള്ള ദിവസങ്ങളിൽ ലിറ്റർ ബിന്നിൽ നിന്നുള്ള മാലിന്യം ശേഖരിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നെങ്കിലും ഇതിനായി ഹരിതകർമ്മ സേനാ പ്രവർത്തകർക്ക് ഔദ്യോഗികമായി അറിയിപ്പ് നൽകിയിരുന്നില്ല. ഇതോടെ, സ്ഥാപിച്ച 51 ബിന്നുകളും ആദ്യ ആഴ്ചകളിൽ തന്നെ നിറയുകയും പിന്നീട് അങ്ങോട്ട് ബിന്നുകൾ സ്ഥാപിച്ച പ്രദേശങ്ങൾ മാലിന്യ കൂമ്പാരമായി മാറുകയും ചെയ്തു.