arrest

ചിറയിൻകീഴ്: ചിറയിൻകീഴിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികൾ കൂടി പിടിയിലായി. ഒന്നാം പ്രതിയായ ചിറയിൻകീഴ് സ്വദേശി ഓട്ടോജയൻ ഒളിവിലാണ്. ജയന്റെ കൂട്ടുകാരായ ആനത്തലവട്ടം വയലിൽക്കട ജംഗ്ഷന് സമീപം അനന്തൻതിട്ട വീട്ടിൽ അരുൺ (31അച്ചു), ശാർക്കര കൂട്ടുംവാതുക്കൽ ശിവൻ കോവിലിന് സമീപം മോളി ഭവനിൽ അനൂപ് (40), പ്രതികളെ ഒളിവിൽ താമസിപ്പിച്ച കടയ്ക്കാവൂർ നിലയ്ക്കാമുക്ക് ശാസ്താംനട ക്ഷേത്രത്തിന് സമീപം വിളയിൽ വീട്ടിൽ വെള്ളയപ്പം എന്നറിയപ്പെടുന്ന രാജേഷ് (50) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തിൽ രണ്ടാം പ്രതിയായ ചിറയിൻകീഴ് നൈനാംകോണം നാഗരാജ ക്ഷേത്രത്തിന് സമീപം വിളയിൽവീട്ടിൽ ജിജു (47) പൊലീസ് പിടിയിലാവുകയും ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തിരുന്നു.

കടയ്ക്കാവൂർ തുണ്ടത്തിൽ കണ്ണൻ എന്ന് വിളിക്കുന്ന വിഷ്ണു (25) കഴിഞ്ഞ വെളളിയാഴ്ചയാണ് കഴുത്തിൽ കുത്തേറ്റ് കൊല്ലപ്പെട്ടത്. ആനത്തലവട്ടം ഗുരുമന്ദിരത്തിന് സമീപം ചൂണ്ടക്കടവിലായിരുന്നു സംഭവം. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ ഐ.പി.എസ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ചു ലാലിന്റെ നിർദ്ദേശാനുസരണം ഇൻസ്പെക്ടർ വിനീഷ് വി.എസിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെയും ഡാൻസാഫ് ടീമിലെയും ഉദ്യോഗസ്ഥരും ചേർന്നാണ് അറസ്റ്റ് ചെയ്തത്.