manoj

തിരുവനന്തപുരം: ഇറക്കുമതി തീരുവ കുറച്ചതോടെ സ്വർണക്കടത്ത് കുറഞ്ഞതിനാൽ, സ്വർണവ്യാപാരികളെയും സ്വർണം സൂക്ഷിച്ചിട്ടുള്ള വീടുകളും ലക്ഷ്യമിട്ട് കവർച്ചാ സംഘങ്ങൾ ഇറങ്ങിയതായി പൊലീസ് . വടക്കൻജില്ലകളിലും തിരുവനന്തപുരം റൂറലിലുമാണ് കൊള്ളസംഘങ്ങളുടെ വിഹാരം.

മുൻപ് സ്വർണക്കടത്ത്, സ്വർണം പൊട്ടിക്കൽ നടത്തിയിരുന്ന മാഫിയാ സംഘങ്ങളെയാണ് സംശയം. കൊള്ളസംഘങ്ങളെ പിടികൂടാൻ എല്ലാ ജില്ലകളിലും സ്പെഷ്യൽ ടീമുകളെ നിയോഗിച്ച് ഓപ്പറേഷനുകൾ തുടങ്ങിയെന്നും, നൈറ്റ് പട്രോളിംഗ് ശക്തമാക്കിയെന്നും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം 'കേരളകൗമുദി'യോട് പറഞ്ഞു.

കേന്ദ്ര ബഡ്ജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15ശതമാനത്തിൽ നിന്ന് ആറായി കുറച്ചതോടെ സ്വർണക്കടത്ത് ലാഭകരമല്ലാതായി. ഒരു കിലോ സ്വർണം കടത്തിയാൽ കാരിയർമാരുടെ പ്രതിഫലവും വിമാന ടിക്കറ്റും മറ്റ് ചെലവുകളും കഴിഞ്ഞ് അഞ്ച് ലക്ഷംവരെ കിട്ടുമായിരുന്നത് ഒരു ലക്ഷത്തിന് താഴെയായി. വിമാനത്താവളങ്ങളിലെ കേസുകൾ പേരിനു മാത്രമായി. കരിപ്പൂരിൽ മൂന്നു മാസത്തിനിടെ ഒറ്റ കേസാണുണ്ടായത്. സ്വർണക്കടത്ത്

മാഫിയയുടെ ഇപ്പോഴത്തെ ലക്ഷ്യം സ്വർണ വ്യാപാരികൾ, സ്വർണപ്പണിക്കാർ, വിതരണക്കാർ എന്നിവരും അവരുടെ വീടുകളുമാണ് .

തമിഴ്നാട്ടിലെ കുറുവസംഘം അടക്കം അന്യസംസ്ഥാന കവർച്ചാസംഘങ്ങളുടെ പേരിൽ ഭീതി പരത്തി ഇത്തരം വൻകൊള്ളകൾ നടത്തുന്നത് മലയാളികൾ തന്നെയാണെന്നും പൊലീസ് പറയുന്നു. വൻതോതിൽ സ്വർണം സൂക്ഷിക്കാനിടയുള്ള വീടുകളാണ് ലക്ഷ്യമിടുന്നത്. കണ്ണൂരിൽ 300പവനും ഒരു കോടിയുമാണ് കവർന്നതെങ്കിൽ കോഴിക്കോട്ട് സ്വർണവ്യാപാരിയെ കാറിടിച്ച് വീഴ്‌ത്തി രണ്ടു കിലോ സ്വർണം കൊള്ളയടിച്ചു. തൃശൂരിൽ ജുവലറിയുടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വർണമാണ് തട്ടിയത്. ആറ്റിങ്ങലിലെ വീട്ടിൽ നിന്ന് 25പവനാണ് കവർന്നത്. പെരിന്തൽമണ്ണയിലും ജുവലറിയുടമയെ സ്കൂട്ടറിടിച്ചുവീഴ്‌ത്തി മൂന്നരകിലോ സ്വർണം തട്ടിയെടുത്തു.

ഭയക്കേണ്ട,

പൊലീസ് ഒപ്പമുണ്ട്

1)വീടു പൂട്ടി യാത്ര പോവുമ്പോൾ പൊലീസിൽ വിവരമറിയിക്കണം. രാത്രിയിലടക്കം വീട് പൊലീസ് നിരീക്ഷണത്തിലായിരിക്കും.

2)സ്വർണവും പണവും വൻതോതിൽ വീടുകളിൽ സൂക്ഷിക്കുന്നെങ്കിൽ അത്രത്തോളം സുരക്ഷിതമായിട്ടായിരിക്കണം.

3)വീടിന്റെ പിൻവാതിൽ ശക്തിയുള്ളതായിരിക്കണം. അല്ലെങ്കിൽ ഗ്രില്ലോ മറ്റോ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണം.

4)സംശയകരമായി എന്തെങ്കിലുമുണ്ടെങ്കിൽ പൊലീസിന്റെ 112നമ്പറിൽ വിളിക്കണം.

-മനോജ് എബ്രഹാം

എ.ഡി.ജി.പി