നെയ്യാറ്റിൻകര: മിമിക്രിയിൽ കണ്ഠനാദം കൊണ്ട് സദസിനെ കൈയിലെടുത്ത ശിവജിത്ത് ശിവൻ ഏകാംഗ അഭിനയത്തിലൂടെ മികച്ച നടനെന്നുകൂടി ഉറപ്പാക്കിയ ശേഷമാണ് കലോത്സവേദിയിൽ നിന്ന് മടങ്ങിയത്. ഹയർ സെക്കൻഡറി മിമിക്രിയിലും ഏകാംഗ അഭിനയത്തിലും ഒന്നാം സ്ഥാനം കാട്ടാക്കട പി.ആർ.വില്യം എച്ച്.എസ്.എസിലെ ഈ പ്ലസ് ടു വിദ്യാർത്ഥിക്കാണ്. ആർ.എൽ.വി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ നർത്തകിയായ സത്യഭാമ അധിക്ഷേപിച്ച സംഭവമാണ് ഏകാംഗ അഭിനയത്തിലൂടെ അവതരിപ്പിച്ചത്. സംഗീതോപകരണങ്ങളുടെ ശബ്ദം അതേപടി വായ കൊണ്ട് അനുകരിക്കുന്ന ബീറ്റ് ബോക്സിംഗും പ്രകൃതിയുടെ ശബ്ദവും കോർത്തിണക്കിയാണ് ശിവജിത്ത് മിമിക്രി അവതരിപ്പിച്ചത്.ഓരോ അനുകരണത്തിലും ഒരു പ്രൊഫഷണൽ ടച്ച്. അവതരണം അവസാനിച്ചയുടൻ ശിവജിത്തിന് അഭിനന്ദപ്രവാഹം. മിമിക്രി കലാകാരനായ ശിവൻ ഭാവനയുടെ മകനാണ് ശിവജിത്ത്. അച്ഛന്റെ ശിക്ഷണമാണ് മിമിക്രിയിലെ ആ പ്രൊഫഷണൽ ടച്ചിന്റെ സീക്രട്ട്. അച്ഛനൊപ്പം ടി.വി ഷോകളിലും വിവിധ വേദികളിലുമായി നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഏകാംഗ അഭിനയത്തിൽ കലാഭവൻ നൗഷാദാണ് ഗുരു.