
തിരുവനന്തപുരം : സംസ്ഥാനത്ത് അംഗീകാരമില്ലാതെ 827 സ്കൂളുകൾ പ്രവർത്തിക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി. പ്രാഥമിക വിവരമനുസരിച്ചുള്ള കണക്കാണിത്. അടുത്ത ഘട്ട നടപടികൾ ഉടനുണ്ടാവും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. സ്കൂളുകളുടെ പട്ടികയും ലഭ്യമായ വിവരങ്ങളും മുഖ്യമന്ത്രിക്ക് കൈമാറും..
ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അദ്ധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകരുത്. വാഹന വാടക ഉൾപ്പെടെയുള്ള ഫീസ് സംബന്ധമായ കാര്യങ്ങൾ ക്ലാസ്മുറികളിൽ മറ്റ് കുട്ടികളുടെ സാന്നിദ്ധ്യത്തിൽ അധ്യാപകരോ സ്കൂൾ അധികൃതരോ വിദ്യാർത്ഥികളോട് ചോദിക്കരുത്. രക്ഷിതാക്കളോട് മൊബൈൽ ഫോണിലൂടെ നേരിട്ട് വേണം ഇത്തരം കാര്യങ്ങൾ ചോദിക്കാനെന്നും മന്ത്രി നിർദേശിച്ചു..
കുട്ടികൾക്ക് ഭക്ഷ്യ
വിഷബാധ: ഹോട്ടൽ പൂട്ടിച്ചു
കൊച്ചി: കോഴിക്കോട് നിന്ന് വിനോദ സഞ്ചാരത്തിനായി കൊച്ചിയിലെത്തിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ, കുട്ടികൾക്കു നൽകാൻ ബോട്ടിൽ ഭക്ഷണം എത്തിച്ച ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസും ചേർന്ന് അടപ്പിച്ചു. കടയുടെ ലൈസൻസ് റദ്ദാക്കി. ഹൈക്കോടതിക്ക് സമീപം പ്രവർത്തിക്കുന്ന വില്ലീസ് കിച്ചണിനെതിരെയാണ് നടപടി. ബോട്ട് ഉടമയ്ക്കെതിരെയും നടപടിയുണ്ടാകും. ഹോട്ടലിൽ നിന്ന് പിഴ ഈടാക്കും. സംഭവത്തിൽ സെൻട്രൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ബുധനാഴ്ച എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 44 കുട്ടികളും കെയർടേക്കർമാരും ഉൾപ്പടെ 85 പേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു.
കോഴിക്കോട് കട്ടിപ്പാറ കാരുണ്യതീരം സ്പെഷ്യൽ സ്കൂളിൽ നിന്നുള്ള സംഘമാണ് കൊച്ചിയിലെത്തിച്ചത്. സ്വകാര്യ ബോട്ടിലായിരുന്നു യാത്ര. 104 പേർ സംഘത്തിലുണ്ടായിരുന്നു. ഇവർ ഇന്നലെ മടങ്ങി.
ലോറൻസിന്റെ മകളുടെ
ഹർജിയിൽ 3ന് വാദം
കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ട് നൽകാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മകൾ ആശ ലോറൻസ് നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച വാദം കേൾക്കും. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ബെഞ്ചാണ് പരിഗണിക്കുന്നത്. മൃതദേഹം കൊച്ചി മെഡിക്കൽ കോളേജിൽ ഫോർമാലിൻ ലായിനിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ഇന്നലെ ഹർജി പരിഗണിക്കവേ സർക്കാർ അറിയിച്ചു. പിതാവിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാനായി വിട്ടുനൽകണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. സെപ്തംബർ 21നായിരുന്നു ലോറൻസിന്റെ മരണം.
പോക്സോ കേസ്:
അദ്ധ്യാപകന് സസ്പെൻഷൻ
വണ്ടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ സിനിമാ നടൻ കൂടിയായ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശി നാസർ കറുത്തേനിയെയാണ് (മുക്കണ്ണൻ നാസർ-55) മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേഷ് കുമാർ സസ്പെൻഡ് ചെയ്തത്. നിലവിൽ മഞ്ചേരി സബ്ജയിലിൽ റിമാൻഡിലാണ്.
പോക്സോ കേസിൽ 50 വർഷം കഠിനതടവ്
പത്തനംതിട്ട: പതിന്നാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ. ചെന്നീർക്കര പ്രക്കാനം തോട്ടുപുറം പ്ലാമൂട്ടിൽ വീട്ടിൽ സുജിത്തിനെ (43) പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി (പോക്സോ ) ജഡ്ജി ഡോണി തോമസ് വർഗീസാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷത്തെ അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജെയ്സൺ മാത്യൂസ് കോടതിയിൽ ഹാജരായി. 2020 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം.