kollam

155 കോടി രൂപയുടെ പദ്ധതിയുടെ പ്രാരംഭ ഘട്ടം ഉടൻ ആരംഭിക്കും

തിരുവനന്തപുരം: കേന്ദ്രാനുമതി ലഭിച്ച സംസ്ഥാന ടൂറിസം വകുപ്പിന്റെ രണ്ട് പദ്ധതികളുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാൻ മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള രൂപരേഖയും വകുപ്പ് തയ്യാറാക്കും.155 കോടിയുടെ രണ്ട് ടൂറിസം പദ്ധതികൾക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. 95.34 കോടിയുടെ സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ, 59.71 കോടി രൂപയുടെ കൊല്ലം ബയോഡൈവേഴ്സിറ്റി ആൻഡ് റിക്രിയേഷണൽ ഹബ്ബ് എന്നീ പദ്ധതികൾക്കാണ് ഫണ്ട് അനുവദിച്ചത്.

സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ

മലബാറിന്റെ പരമ്പരാഗത കലകളും കലാരൂപങ്ങളും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രചരിപ്പിക്കാനും പ്രാദേശിക തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

സർഗാലയ

20 ഏക്കറിലുള്ള പൈതൃക കേന്ദ്രമായ സർഗാലയയെ കലയും ബന്ധപ്പെട്ട സങ്കേതങ്ങളും, സാംസ്‌കാരിക പ്രദർശനവും ഉൾപ്പെടുത്തി വികസിപ്പിക്കും. കളരിപയറ്റ് പോലുള്ള ആയോധന കലകളും മലബാറിന്റെ വിഭവസമൃദ്ധമായ പാചക പാരമ്പര്യത്തിലെ ഫുഡ് ടൂറിസം പദ്ധതിയും ഇതിലുണ്ടാകും.

അഷ്ടമുടി ബയോഡൈവേഴ്സിറ്റി പദ്ധതി

അഷ്ടമുടി ബയോഡൈവേഴ്സിറ്റി ആൻഡ് ഇക്കോ റിക്രിയേഷണൽ ഹബ് പദ്ധതിയിലൂടെ സാംസ്‌കാരിക പൈതൃക സമ്പത്തുകൾ പരിചയപ്പെടുത്താനും സംരക്ഷിക്കാനും ആധുനികമായ വിനോദങ്ങൾ ഒരുക്കാനുമാണ് ലക്ഷ്യമിടുന്നത്. കൊല്ലം മറീനാ, അഷ്ടമുടി ലേക്ക് ഇന്റർട്ടേഷൻ സെന്റർ, ഫ്‌ളോട്ടിംഗ് ഭക്ഷണശാല, ബയോഡൈവേഴ്സിറ്റി ട്രെയിൽ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഒരുക്കും.

കൂടുതൽ ടൂറിസം കേന്ദ്രങ്ങൾ ശാസ്ത്രീയമായി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്

മന്ത്രി പി. എ മുഹമ്മദ് റിയാസ്

കൊല്ലം, കോഴിക്കോട് ടൂറിസം കേന്ദ്രങ്ങളെ ലോകോത്തര ടൂറിസം കേന്ദ്രങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്

കെ.ബിജു

ടൂറിസം സെക്രട്ടറി