
തിരുവനന്തപുരം: ക്യാൻസർ റേഡിയേഷൻ ചികിത്സയ്ക്കുള്ള അത്യാധുനിക സംവിധാനമായ ട്രൂബീം എസ്.ടി.എക്‌സ്-3.0 ലീനിയർ ആക്‌സിലേറ്റർ കിംസ് ഹെൽത്ത് ക്യാൻസർ സെന്ററിൽ പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക സർഫേസ് ഗൈഡഡ് റേഡിയോ തെറാപ്പി (എസ്.ജി.ആർ.ടി) സാങ്കേതികവിദ്യയോടു കൂടിയ ഇന്ത്യയിലെ രണ്ടാമത്തെ സംവിധാനമാണിത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.
കിംസ്‌ഹെൽത്ത് സി.എം.ഡി ഡോ.എം.ഐ.സഹദുള്ള,ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി ഡയറക്ടർ ഡോ.സഞ്ജയ് ബെഹാരി,ബ്ലാക്ക്‌സ്റ്റോൺ സീനിയർ എം.ഡി ഗണേഷ് മണി,കിംസ്‌ഹെൽത്ത് സി.ഇ.ഒ രശ്മി ആയിഷ, ഡോ.ജോൺ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. 30 വർഷമായി റേഡിയേഷൻ ഓങ്കോളജി മേഖലയിൽ പ്രവർത്തിക്കുന്ന സീനിയർ ഓങ്കോളജിസ്റ്റ് ഡോ.ജയപ്രകാശ് മാധവനെ ആദരിച്ചു. മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ രചിച്ച ഡിപ്ലോമസി ലിബറേറ്റഡ് എന്ന പുസ്തകം ചടങ്ങിൽ ഗവർണർക്ക് സമ്മാനിച്ചു.
ട്രൂബീം എസ്.ടി.എക്‌സ്-3.0
ലീനിയർ ആക്‌സിലേറ്റർ
ക്യാൻസർ ബാധിച്ച ശരീരഭാഗങ്ങളിൽ ആരോഗ്യമുള്ള മറ്റ് കോശങ്ങൾക്കോ അവയവയങ്ങൾക്കോ അപകടമുണ്ടാക്കാതെ ഫലപ്രദമായി റേഡിയേഷൻ നൽകാൻ കഴിയുന്ന ഉപകരണമാണ് ട്രൂബീം എസ്.ടി.എക്‌സ്-3.0 ലീനിയർ ആക്സിലേറ്റർ. പാർശ്വഫലങ്ങളും ചികിത്സാസമയവും വളരെ കുറവുള്ളതെന്നു മാത്രമല്ല, ശ്വാസകോശ ക്യാൻസർ,സ്തനാർബുദം,പ്രോസ്റ്റേറ്റ് ക്യാൻസർ,തല,കഴുത്ത് എന്നിവിടങ്ങളിലുണ്ടാകുന്ന ക്യാൻസർ തുടങ്ങിയവയ്ക്ക് റേഡിയേഷൻ തെറാപ്പിയുടെ അതിനൂതനവും വേഗതയേറിയതുമായ ചികിത്സ ലഭ്യമാകും. ലീനിയർ ആക്‌സിലേറ്ററിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്ന സി.സി ടിവി മുഖേനയും മറ്റ് അനുബന്ധ ഉപകരണങ്ങളിലൂടെയും രോഗിക്ക് മെഡിക്കൽ സംഘവുമായി ആശയവിനിമയം സാദ്ധ്യമാണ്. കൂടാതെ റേഡിയേഷൻ ചികിത്സയ്ക്കിടയിൽ രോഗിക്ക് സംഗീതം ആസ്വദിക്കാനായി ഇൻബിൽറ്റ് മ്യൂസിക് സിസ്റ്റവും സജ്ജമാക്കിയിട്ടുണ്ട്.