
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള തുരങ്ക റെയിൽപ്പാതയുടെ നിർമ്മാണത്തിനായി അന്താരാഷ്ട്ര കൺസൾട്ടന്റിനെ നിയമിക്കാൻ തീരുമാനം. അഞ്ചര ഹെക്ടർ ഭൂമിയേറ്റെടുത്ത് വേഗത്തിൽ ജോലികൾ തുടങ്ങാനും നിർമ്മാണച്ചുമതല കൊങ്കൺ റെയിൽവേയെ ഏൽപ്പിക്കാനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനിച്ചത്.
റെയിൽപ്പാതയുടെ 70 ശതമാനവും നിലവിലുള്ള ബാലരാമപുരം-വിഴിഞ്ഞം റോഡിനടിയിലൂടെയായിരിക്കുമെന്നതിനാൽ ഭൂമിയേറ്റെടുക്കലിനും പുനരധിവാസത്തിനുമുള്ള ചെലവ് കുറയും. ടണൽ നിർമ്മാണത്തിനുള്ള സാങ്കേതികസഹായത്തിന് നെതർലാൻഡ്സിലെ കമ്പനിയെ സമീപിക്കുമെന്നും മന്ത്രി വി.എൻ.വാസവൻ 'കേരളകൗമുദി'യോട് പറഞ്ഞു. വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ 10.76 കിലോമീറ്റർ റെയിൽപ്പാത യാഥാർത്ഥ്യമാകുന്നതോടെ തുറമുഖത്തിന് റെയിൽ കണക്ടിവിറ്റിയാവും. 9.5 കിലോമീറ്റർ ടണലാണ് പാതയുടെ ആകർഷണം.
നേരത്തേ നേമം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള പാതയാണ് ആലോചിച്ചതെങ്കിൽ 25.7ഹെക്ടർ
ഭൂമിയേറ്റെടുക്കേണ്ടിവരുമായിരുന്നു. റെയിൽപ്പാതയ്ക്കുള്ള ഭൂമി ഉടനേ ഏറ്റെടുക്കാൻ ജനപ്രതിനിധികളുടെ യോഗം വിളിക്കും. പദ്ധതിക്ക് കേന്ദ്രത്തിന്റെയും റെയിൽവേയുടെയും അനുമതി ലഭിച്ചിട്ടുണ്ട്. 42 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. ടണൽ നിർമ്മാണത്തിന് 36 മാസം വേണ്ടിവരും. തുറമുഖ കമ്പനിയും സർക്കാരും ചേർന്നാണ് പാത നിർമ്മിക്കുന്നത്. ബാലരാമപുരത്തു നിന്ന് പള്ളിച്ചൽ,വെങ്ങാനൂർ വഴിയാണ് റെയിൽപ്പാത വിഴിഞ്ഞത്തെത്തുക. ബാലരാമപുരം റെയിൽവേസ്റ്റേഷൻ ക്രോസിംഗ് സിഗ്നൽ സ്റ്റേഷനായി ഉയർത്തും.
റെയിൽപ്പാത തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തുമൊഴികെ പൂർണമായും ഭൂഗർഭപാതയാണ്. തുറമുഖ നിർമാണത്തിനുള്ള പാരിസ്ഥിതിക അനുമതിയിൽ റെയിൽവേപ്പാതയ്ക്കും അനുമതി ലഭിച്ചിരുന്നു. അതിൽ ഉപരിതലപാതയാണ് നിർദ്ദേശിച്ചത്. പിന്നീട് ഭൂഗർഭപാത നിർമ്മിക്കാൻ തീരുമാനിച്ചതിനാലാണ് വീണ്ടും പരിസ്ഥിതി ആഘാത പഠനം നടത്തിയത്. പാരിസ്ഥിതികാനുമതിക്കായി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. തുറമുഖത്തേക്ക് റോഡ് കണക്ടിവിറ്റിയൊരുക്കുന്നത് വിലയിരുത്താൻ ഉടൻ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
വലിപ്പത്തിൽ മൂന്നാമൻ
രാജ്യത്തെ വലിയ മൂന്നാമത്തെ റെയിൽവേ ടണലായിരിക്കും വിഴിഞ്ഞത്ത് വരുന്നത്. ഉധംപുർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിന്റെ ഭാഗമായ 12.75 കി.മീറ്റർ ടണൽ,11.2 കി.മീ നീളമുള്ള പിർ പഞ്ചാൾ എന്നിവയാണ് വലിയ മറ്റ് രണ്ട് ടണലുകൾ.
ടണൽ നിർമ്മാണം കടുപ്പം
ചെലവേറിയ ടണൽ ബോറിംഗ് മെഷീൻ രീതിക്കുപകരം ചെലവുകുറഞ്ഞ ആധുനിക ഡ്രില്ലിംഗ് ബ്ളാസ്റ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ടണൽ നിർമ്മാണം.
പാറയുടെ ഘടനയും സ്വഭാവവുമനുസരിച്ച് പൊട്ടിച്ചും പൊടിച്ചും അതുപയോഗിച്ചുതന്നെ
വശങ്ങൾ ബലപ്പെടുത്തിയും തുരന്നുപോകും. അതിനാൽ ചെലവ് കുറയും.
റെയിൽപ്പാതയുടെ നിർമ്മാണചെലവ് - ₹1400കോടി
''അധികം വൈകാതെ നിർമ്മാണം തുടങ്ങും. ഭൂമി കുറച്ചുമതിയെന്നതും
പരിസ്ഥിതി ക്ലിയറൻസ് ലഭിക്കുമെന്നതും ഗുണമാണ്. ''
-വി.എൻ.വാസവൻ,മന്ത്രി