തിരുവനന്തപുരം: നൂതനാശയങ്ങളെ അത്യാധുനിക സാങ്കേതികവിദ്യയുപയോഗിച്ച് മികച്ച ഉത്പന്നങ്ങളാക്കുന്ന നൂറോളം സ്റ്റാർട്ടപ്പുകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഹഡിൽ ഗ്ലോബൽ എക്സ്പോയ്ക്ക് കോവളത്ത് തുടക്കമായി. കേരള സ്റ്രാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ കോവളം ലീല പാലസിൽ ആരംഭിച്ച എക്സ്പോ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. എഡ്യൂടെക്, ഓഗ്‌മെന്റഡ് റിയാലിറ്റി/ വെർച്വൽ റിയാലിറ്റി, ഫിൻടെക്, ലൈഫ് സയൻസ്, സ്‌പേസ്‌ടെക്, ഹെൽത്ത്‌ടെക്, ബ്ലോക്ക് ചെയിൻ, ഐ.ടി, ഇ-ഗവേണൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ മെഷീൻ ലേണിംഗ്, റോബോട്ടിക്സ് എന്നിവയടക്കമുള്ള സ്റ്റാർട്ടപ്പുകളാണ് എക്സ്പോയുടെ ഭാഗമായിട്ടുള്ളത്. ഹ്യൂമനോയിഡ് റോബോട്ടുകൾ, ഓട്ടോണമസ് ഡ്രോണുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഊർജ്ജം ലാഭിക്കാൻ സഹായകമാകുന്ന സാങ്കേതിക ഉത്പന്നങ്ങൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. ചന്ദ്രയാൻ,ഗഗൻയാൻ എന്നിവയുടെ വിവരങ്ങളും മോഡലുകളും പ്രദർശിപ്പിക്കുന്ന ഐ.എസ്.ആർ.ഒയുടെ സ്റ്രാൾ, വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിന് കെ-ഡിസ്കിന്റെ സഹായത്തോടെയുള്ള ഹാക്കത്തോൺ സ്റ്റാൾ, എസ്.ബി.ഐ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. ഊർജ്ജം, ആരോഗ്യസംരക്ഷണം, ഡിജിറ്റൽ മീഡിയയും വിനോദവും, ഭക്ഷണവും കൃഷിയും, ബഹിരാകാശം തുടങ്ങി അഞ്ച് മേഖലയിലെ മുന്നേറ്റങ്ങൾ എമർജിംഗ് ടെക്‌നോളജി സോണിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ബയോമെഡിക്കൽ മാലിന്യസംസ്‌കരണത്തിന് പുതിയ രീതികൾ പരീക്ഷിക്കുന്നവ, കാർബൺ ഫൂട്ട്പ്രിന്റ് കുറയ്ക്കുന്നതിനൊപ്പം സുസ്ഥിരവികസനം സാധ്യമാക്കുന്ന ഊർജ്ജസ്രോതസുകളെ കുറിച്ചുള്ളത്, എ.ഐ അധിഷ്ഠിത അസെസ്‌മെന്റ് പ്ലാറ്റ്ഫോമുകൾ,പരിസ്ഥിതി സൗഹൃദ സ്റ്റാർച്ച് സ്‌പ്രെ, പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് ചുമരുകൾ നിർമ്മിക്കുന്നവ, വിവിധ ഹോസ്പിറ്റാലിറ്റി സൊല്യൂഷനുകൾ, ഓട്ടോമേറ്റ് ഇൻവോയിസ് പ്രോസസിംഗ്,സസ്യാവശിഷ്ടങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയും എക്സ്പോയിലുണ്ട്.