തിരുവനന്തപുരം : കെട്ടിടനിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടയിൽ അതിക്രമിച്ച് കടന്ന് കവർച്ച നടത്തിയ കേസിലെ പ്രതി മേനംകുളം പളളിത്തുറ പുതുവൽ പുരയിടം വീട്ടിൽ ലിജി(29) നെ എട്ടുവർഷം കഠിന തടവിനും 90,000 രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഏഴ് മാസം അധിക തടവ് അനുഭവിക്കണം. അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സിജു ഷേഖാണ് ശിക്ഷിച്ചത്.
കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിച്ചുവന്ന കെട്ടിടനിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടയിൽ ലിജിൻ അടക്കമുളള ആറ് പ്രതികൾ കടന്നുകയറി കട ഉടമയായ ശിവചന്ദ്രന്റെ കഴുത്തിൽ വാൾവച്ച് കടയിലുണ്ടായിരുന്ന 800 രൂപയും വനിത ജീവനക്കാരികളുടെ ഒന്നര പവൻ വീതമുളള രണ്ട് മാലകളും പുരുഷ ജീവനക്കാരുടെ രണ്ടായിരം രൂപ വീതം വിലയുളള രണ്ട് മൊബൈൽ ഫോണുകളും കവർന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിൽ മൂന്ന് പ്രതികളാണ് വിചാരണ നേരിട്ടത്. അതിൽ ഒരു പ്രതി വിചാരണയ്ക്കിടെ മരിച്ചു. മറ്റൊരു പ്രതിയായ കഴക്കൂട്ടം ആറ്റിപ്ര സ്വദേശി അജീഷിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. 2009 ജൂലായ് 29 നായിരുന്നു സംഭവം. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്. രാജേഷ് ഹാജരായി.