നെയ്യാറ്റിൻകര: ഇന്നലെവരെ ഒന്നാമതായി കുതിച്ചിരുന്ന കിളിമാനൂരിനെ പിന്തള്ളി ഓവറോൾ മത്സരത്തിനുള്ള പോരാട്ടത്തിൽ തിരുവനന്തപുരം നോ‌ർത്ത് മുന്നിലെത്തി.ജില്ലാകലോത്സവത്തിൽ രാത്രിവൈകിയും മത്സരങ്ങൾ പുരോഗമിക്കുന്നതിനാൽ ട്വിസ്റ്റുകൾക്ക് സാദ്ധ്യതയുണ്ട്. ഒടുവിൽ ലഭിച്ച പോയിന്റ് നിലയനുസരിച്ച് ചാമ്പ്യൻപോരാട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം നോർത്തിന് 790 പോയിന്റ്. 783 പോയിന്റുമായി തിരുവനന്തപുരം സൗത്തും 780 പോയിന്റുമായി കിളിമാനൂരും തൊട്ടുപിന്നിലുണ്ട്. ആറ്റിങ്ങൽ (758), പാലോട് (694) എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ. സ്‌കൂളുകളിൽ 230 പോയിന്റുമായി വഴുതക്കാട് കാർമ്മൽ ഹയർ സെക്കൻഡറിയാണ് മുന്നിൽ. നന്ദിയോട് എസ്‌.കെ.വി.എച്ച്.എസ് (194), കടുവയിൽ കെ.ടി.സി.ടി ഇ.എം. എച്ച്.എസ്.എസ് (177) സ്‌കൂളുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇന്ന് ഉച്ചയോടെയേ അന്തിമചിത്രം വ്യക്തമാകൂ. ഇന്ന് വൈകിട്ട് മൂന്നിന് സമാപനസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും.