kalady

തിരുവനന്തപുരം: കാലടിയിൽ കോർപ്പറേഷൻ പുറമ്പോക്ക് ഭൂമിയിൽ താമസിച്ചിരുന്നവരെ ഒഴിപ്പിച്ച് അനധികൃത കടമുറി നിർമ്മിക്കാൻ നീക്കമെന്ന് ആക്ഷേപം. ആറ്റുകാൽ റോഡിൽ കാലടി ജംഗ്ഷനിൽ നിന്ന് നൂറ് മീറ്റർ മാറി റോഡ് പുറമ്പോക്കിലെ കോർപ്പറേഷൻ വക മൂന്ന് സെന്റ് ഭൂമിയിലാണ് കൈയേറ്റം. ഇവിടെ മുപ്പത് വർഷത്തോളമായി കുടിൽ കെട്ടി താമസിച്ചിരുന്ന ലീലയെയും പതിനഞ്ചു വർഷത്തിലേറെയായി മുറുക്കാൻ കട നടത്തിയിരുന്ന രാജുവിനെയും ഒഴിപ്പിച്ച്, ഇവർ താമസിച്ചിരുന്ന കുടിലുകൾ ഇടിച്ചു നിരത്തിയതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. ഈ സ്ഥലത്ത് മണ്ണടിച്ച് കടമുറി നിർമ്മാണത്തിന് ചില പ്രാദേശിക നേതാക്കൾ രംഗത്തെത്തുകയും ചെയ്തു.

ഈ സ്ഥലത്തിന് പിന്നിലുള്ള വസ്തു ഉടമ, കുടിലുകാരെ ഒഴിപ്പിക്കാൻ പ്രാദേശിക നേതാക്കളെ സമീപിച്ചെന്നും ലക്ഷങ്ങൾ വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്. മണക്കാട് വില്ലേജ് ഓഫീസിന്റെ മൂക്കിനു താഴെയാണ് ഈ കൈയേറ്റം. ഓട നിർമ്മാണത്തിനുള്ള സ്ഥലം കൈയേറിയാണ് ഇപ്പോൾ കടമുറികൾ നിർമ്മിക്കാൻ നീക്കം നടക്കുന്നത്.

ടൗൺഷിപ്പ് ഒന്നാംഘട്ട വികസനം

മണക്കാട്- ആറ്റുകാൽ, ചിറമുക്ക്, കാലടി, മരുതൂർക്കടവ്, കൈമനം റോഡ് നാല് വരിപ്പാതയായി വികസിപ്പിക്കാനുള്ള കേരള റോഡ് ഫണ്ട് ബോർഡിന്റെ നിർദ്ദേശത്തിന് കിഫ്‌ബിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. മരുതൂർക്കടവ് മുതൽ കാലടി വരെ മാത്രമാണ് ഒന്നാം ഘട്ട റോഡ് വികസനം നടന്നത്.

രണ്ടാം ഘട്ട വികസനം

ദിവസങ്ങൾക്കു മുമ്പ് പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർ റോഡ് വീതി കൂട്ടുന്നതിനായി കല്ലിട്ടു. 15.6 മീറ്റർ വീതിയും ഇരുവശങ്ങളിലും ഓടയും ഉൾപ്പെടെയാണ് റോഡ് വരുന്നത്.