sfi-pradishadam

ആറ്റിങ്ങൽ: സ്വകാര്യബസ് തട്ടി 3 വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആറ്റിങ്ങൽ ആർ.ടി ഓഫീസറെ ഉപരോധിക്കുകയും എസ്.എഫ്.ഐ പ്രവർത്തകർ ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. സംഭവത്തെക്കുറിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി സ്കൂൾ അധികൃതരിൽ നിന്നും പരാതി വാങ്ങി അന്വേഷണമാരംഭിച്ചു. വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ ആറ്റിങ്ങൽ ആർ.ടി ഓഫീസും പൊലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്. അപകടത്തിന് കാരണമായ ബസ് കസ്റ്റഡിയിലെടുത്ത് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി ആരംഭിച്ചു. എന്നാൽ അപകടത്തിന് കാരണമായ സ്വകാര്യ ബസ് കണ്ടക്ടർക്ക് ലൈസൻസില്ലെന്നാണ് പൊലീസിന്റെ നിഗമനം. വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊലീസും ആർ.ടി.ഒ അധികൃതരും സംയുക്തമായി പാലസ് റോഡിൽ വൺവേ സംവിധാനം പുനഃസ്ഥാപിച്ചെങ്കിലും ഈ നീക്കം തടയാൻ ബസ് ഓണേഴ്സുകാരുടെ നേതൃത്വത്തിൽ ഉന്നതതലത്തിൽ നീക്കമാരംഭിച്ചു. കച്ചേരി ജംഗ്ഷൻ വഴി സർവീസ് തുടർന്നാൽ നിലവിലെ സമയക്രമം പാലിക്കാൻ കഴിയില്ലെന്നും ഇവർ ആരോപിക്കുന്നു. അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളിൽ ഒരാളെ തോളെല്ല് വേദനയെ തുടർന്ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.