നെയ്യാറ്റിൻകര: സംഘനൃത്തവേദിയിൽ മത്സരാർത്ഥികളുടെ പ്രതിഷേധത്തെത്തുടർന്ന് വിധികർത്താക്കളെ സംഘാടകർ രക്ഷിച്ചത് മുറിയിൽ പൂട്ടിയിട്ട്. ഇന്നലെ പുലർച്ചെയാണ് സംഭവം. കോട്ടൺഹിൽ സ്‌കൂളിലെ മത്സരാർത്ഥികളും രക്ഷിതാക്കളും പരിശീലകരുമാണ് നാലുമണിക്കൂറോളം സംഘാടകരെയും വിധികർത്താക്കളെയും പുറത്തുപോകാൻ അനുവദിക്കാതെ പ്രതിഷേധിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് എച്ച്.എസ്.എസ് വിഭാഗം പെൺകുട്ടികളുടെ സംഘനൃത്തം ആരംഭിച്ചത്. ഫലംപ്രഖ്യാപിച്ചപ്പോൾ കാർമൽ സ്‌കൂളിനായിരുന്നു ഒന്നാംസ്ഥാനം. തുടർന്ന് അതേ സബ്‌ജില്ലയിൽ നിന്ന് അപ്പീലുമായെത്തിയ കോട്ടൺഹിൽ സ്‌കൂളിലെ സംഘം വിധികർത്താക്കൾക്കുനേരെ തിരിയുകയായിരുന്നു. കൈയേറ്റ ശ്രമത്തിൽനിന്ന് വളരെ പ്രയാസപ്പെട്ടാണ് സംഘാടകർ വിധികർത്താക്കളെ പ്രോഗ്രാം കമ്മിറ്റി ഓഫീസിലെത്തിച്ചത്. ഇതിനിടെ പ്രതിഷേധക്കാർ ഇവിടേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പ്രതിഷേധം കടുത്തതോടെയാണ് വിധികർത്താക്കളെ ക്ളാസ് റൂമിൽ പൂട്ടിയിടാൻ പ്രോഗ്രാം കമ്മിറ്റി നിർബന്ധിതരായത്. നാലുമണിക്കൂറോളം സംഘർഷാവസ്ഥ നിലനിന്നു.
ഒടുവിൽ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ അടക്കമുള്ളവർ സ്ഥലത്തെത്തി കോട്ടൺഹിൽ സ്‌കൂൾ പ്രിൻസിപ്പലിനെ വിളിച്ചുവരുത്തി. പ്രിൻസിപ്പൽ ആവശ്യപ്പെട്ടിട്ടും പ്രതിഷേധം അവസാനിപ്പിക്കാൻ വിദ്യാർത്ഥികൾ തയ്യാറായില്ല. വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തില്ലെന്ന കടുത്ത നിലപാടും പ്രിൻസിപ്പൽ അറിയിച്ചു. എന്നാൽ കുട്ടികളെ വേറെ സ്‌കൂളിലേക്ക് മാറ്റുമെന്ന് രക്ഷിതാക്കൾ പറഞ്ഞു. തുടർന്ന് രാവിലെ ഏഴിന് വനിതാ പൊലീസ് സംഘമെത്തി പ്രതിഷേധക്കാരെ മാറ്റിയാണ് വിധികർത്താക്കളെ മോചിപ്പിച്ചത്. അപ്പീൽ നൽകിയാൽ പരിശോധിക്കാമെന്ന ഡി.ഡിയുടെ ഉറപ്പുലഭിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
അതേസമയം വിധികർത്താക്കൾ കോഴവാങ്ങിയെന്നാരോപിച്ച് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് വ്യാഴാഴ്ച ഉച്ചയ്ക്കുതന്നെ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്ന് കോട്ടൺഹിൽ സ്‌കൂളിലെ മത്സരാർത്ഥികൾ പറയുന്നു.