നെയ്യാറ്റിൻകര: അപ്രതീക്ഷിത മുന്നേറ്റം നടത്തിയ തിരുവനന്തപുരം നോർത്ത് ജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം നേടി. 885 പോയിന്റ് നേടിയാണ് നോർത്ത് കപ്പടിച്ചത്. വ്യാഴം രാത്രി മുതൽ ഇന്നലെ പുലർച്ചെ വരെ നീണ്ട മത്സരങ്ങളിൽ നിന്നു മാത്രമായി നോർത്ത് നേടിയ 95 പോയിന്റാണ് നിർണ്ണായകമായത്. ആദ്യ മൂന്നു ദിനങ്ങളിൽ മുന്നേറിയ കിളിമാനൂർ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 852 പോയിന്റ്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ തിരുവനന്തപുരം സൗത്ത് 869 പോയന്റുമായി രണ്ടാം സ്ഥാനത്തെത്തി. ഏറ്റവും മികച്ച സ്കൂളിനുള്ള കിരീടം വഴുതക്കാട് കാർമ്മൽ ഹയർ സെക്കൻഡറി സ്കൂൾ നേടി. 283 പോയിന്റ്. എസ്.കെ.വി.എച്ച്.എസ് നന്ദിയോടും(229) കെ.ടി.സി.സി.ഇ.എം. എച്ച്.എസ്.എസ് കടുവയിൽ (207) രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.യു.പി വിഭാഗത്തിൽ ആറ്റിങ്ങൽ 154 പോയന്റുമായി ഒന്നാം സ്ഥാനം നേടി. 152 പോയന്റുമായി കിളിമാനൂർ രണ്ടാം സ്ഥാനത്തുമെത്തി. എച്ച്.എസ് വിഭാഗത്തിൽ 362 പോയന്റുമായി കിളിമാനൂർ കിരീടം നേടി. സൗത്തിനാണ് രണ്ടാം സ്ഥാനം (348 പോയിന്റ്). എച്ച്.എസ്.എസ് വിഭാഗത്തിൽ 399 പോയിന്റുമായി നോർത്തും 382 പോയിന്റുമായി സൗത്തും ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിട്ടു. യു.പി വിഭാഗത്തിൽ നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം (38)
എച്ച്.എസിൽ കാർമൽ ഹയർ സെക്കൻഡി സ്‌കൂൾ(103) എച്ച്.എസ്.എസിൽ നന്ദിയോട് എസ്.കെ.വി എച്ച്.എസ്.എസും (157) ചാമ്പ്യന്മാരായി.
പട്ടം സ്കൂളിന്റെ മുന്നേറ്റം നോർത്തിന് കരുത്തായി
ആദ്യ മൂന്ന് ദിനങ്ങളിൽ പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം നോർത്തിന് മേളയുടെ അവസാന ദിവസം നൃത്ത വേദികളിൽ പട്ടം മോഡൽ ഗേൾസ് നടത്തിയ വിജയക്കുതിപ്പാണ് നിർണായകമായത്.169 പോയന്റാണ് പട്ടത്തെ കുട്ടികൾ നോർത്തിന്റെ അക്കൗണ്ടിലേക്ക് നൽകിയത്. ഈ വർഷം കലോത്സവത്തിലുൾപ്പെടുത്തിയ ഗോത്രകലകളായ ഇരുള നൃത്തം, മലയപുലയ ആട്ടം, പണിയ നൃത്തങ്ങളിൽ എച്ച്. എസ്, എച്ച്.എസ്.സ് വിഭാഗങ്ങളിൽ പട്ടം ഗേൾസ് പോയന്റുകൾ തൂത്തുവാരിതോടെ നോർത്ത് മുന്നേറുകയായിരുന്നു. സമാപന സമ്മേളനത്തിൽ കെ.അൻസലൻ എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തു.