cutti

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ കൈക്കൂലിയും ക്രമക്കേടും ഇൻസ്പെക്ഷൻ സ്ക്വാഡിന്റെ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ അഞ്ചു മാസങ്ങൾക്ക് ശേഷം നടപ്പായി.

നാല് ഡെപ്യൂട്ടി തഹസീൽദാർമാരെ സ്ഥലം മാറ്റിക്കൊണ്ടും പകരം മറ്റ് നാലുപേരെ ഇവിടേക്ക് നിയമിച്ചും ഇന്നലെ ലാൻഡ് റവന്യൂ കമ്മിഷണറുടെ ഉത്തരവ് ഇറങ്ങി. സ്ഥലംമാറ്റം നടപ്പാക്കിയില്ലെന്ന് നവംബർ 27ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

ആറ് ഡെപ്യൂട്ടി തഹസീൽദാർമാരിൽ ഭിന്നശേഷിക്കാരനായ അജിമോൻ ഒഴികെ മറ്റുള്ളവരെ ജില്ലയിലെ മറ്റു താലൂക്കുകളിലെ ജനസമ്പർക്കം കുറഞ്ഞ തസ്തികകളിലേക്ക് മാറ്റാനാണ് ശുപാർശ നൽകിയിരുന്നത്. ഇവരിൽ,

ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി തഹസീൽദാർ രാജേഷ് എ.ആർ നേരത്തേ നെടുമങ്ങാട്ടേക്ക് സ്ഥലംമാറിപ്പോയിരുന്നു. ജി അജേഷിനെ പുനലൂരിലേക്കും റെജി.കെ.ജോർജ്,ആർ.ഷിജു, സരിതചന്ദ്രൻ എന്നിവരെ പത്തനാപുരത്തേക്കും മാറ്റാനാണ് ഇന്നലെ ഉത്തരവ് ഇറങ്ങിയത്. അടിയന്തരമായി നടപ്പാക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മണൽക്കടത്ത് വ്യാപകമായി നടക്കുകയും നിരവധി ക്വാറികൾ പ്രവർത്തിക്കുകയും ചെയ്തിരുന്ന, കൊട്ടാരക്കര താലൂക്കിൽ ഉദ്യോഗസ്ഥർ പരക്കെ കൈക്കൂലി വാങ്ങുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. റവന്യൂ അഡിഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തഹസീൽദാർ എം.കെ.അജികുമാർ, ഡെപ്യൂട്ടി തഹസീൽദാർ (ഇൻസ്‌പെക്ഷൻ) അനിൽകുമാർ.വി, ഡ്രൈവറുടെ സ്ഥിരം തസ്തികയിൽ ജോലി ചെയ്തിരുന്ന മനോജ്.ടി എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു.