വിഴിഞ്ഞം: തുറമുഖത്ത് കപ്പലടുപ്പിക്കുന്നതിന്റെ പേരിൽ ഉദ്യോഗസ്ഥർ പണം തട്ടിയതായി പരാതി.വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ അടുക്കുന്നതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളിൽ നിന്നും സുരക്ഷയ്ക്കായി 20ഓളം വള്ളങ്ങൾ വാടകയ്ക്കെടുത്തശേഷം മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് വാടകത്തുക തട്ടിയെടുത്തതായാണ് പരാതി. ഇതുസംബന്ധിച്ച് ഫിഷറീസ് ഡയറക്ടർ വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറോട് റിപ്പോർട്ട് തേടി. ഇതുപ്രകാരം നൽകിയ റിപ്പോർട്ടിൽ മറൈൻ എൻഫോഴ്സ്മെന്റ് ഉന്നത ഉദ്യോഗസ്ഥനെതിരെയും കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുമാണ് ഗുരുതര ആരോപണമുയർന്നിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ വിജിലൻസ് ഡയറക്ടർക്കും മുഖ്യമന്ത്രിയടക്കമുള്ളവർക്കും പരാതി നൽകിയതിനെ തുടർന്ന് മറൈൻ എൻഫോഴ്സ്മെന്റ് എസ്.പി അന്വേഷണമാരംഭിച്ചു.2023 ഒക്ടോബർ 11മുതൽ 15 വരെയാണ് വള്ളങ്ങൾ വാടകയ്ക്കെടുത്തത്.വിഴിഞ്ഞത്തു നിന്ന് 10ഉം മുതലപ്പൊഴിയിൽ നിന്ന് 10 വള്ളങ്ങൾക്കും കൂടി 16,80,000 രൂപ വാടകയായി അദാനി തുറമുഖ കമ്പനിയിൽ നിന്നും കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർ ചട്ടം ലംഘിച്ച് പണമായി കൈപ്പറ്റിയെന്ന് രേഖകൾ ലഭിച്ചതായി റിപ്പോർട്ടിലുണ്ട്. മുതലപ്പൊഴിയിലെ വള്ളക്കാർക്ക് ദിവസവും 10000 രൂപ നിരക്കിൽ 5 ദിവസത്തേക്ക് 50000 രൂപ വിതരണം ചെയ്തതായും വിഴിഞ്ഞത്തു നിന്ന് വാടകയ്ക്കെടുത്ത 10 വള്ളക്കാരിൽ പലർക്കും ഒരു ദിവസം 6,500 മുതൽ 8000 രൂപ വരെ മാത്രമാണ് നൽകിയതെന്നും തുക രേഖപ്പെടുത്താതെ വൗച്ചറുകളിൽ വിരലടയാളവും ഒപ്പും രേഖപ്പെടുത്തി കുറഞ്ഞ തുക വിതരണം ചെയ്തതായും ഇതുസംബന്ധിച്ച് തുടരന്വേഷണം വേണമെന്നുമാണ് റിപ്പോർട്ട്. കൂടാതെ ആരോപണ വിധേയനായ ഒരു ഉദ്യോഗസ്ഥൻ വണ്ടിത്തടത്തെ കടയിൽ നിന്നും പണം മോഷ്ടിച്ചതു സംബന്ധിച്ച് തിരുവല്ലം പൊലീസിൽ പരാതിയുള്ളതായും ഇയാളുടെ കീഴിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും ഇയാളെ ഭയന്ന് പലരും പുറത്തുപറയാൻ മടിക്കുന്നതായും ഫിഷറീസ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിലുണ്ട്.