
മികച്ച മാനവ വൈദഗ്ദ്ധ്യവും പുതിയ വ്യവസായ നയവും അനുകൂലമാകുന്നു
തിരുവനനന്തപുരം: ഉയർന്ന വൈദഗ്ദ്ധ്യമുള്ള മനുഷ്യവിഭവശേഷിയും പുതിയ വ്യാവസായിക നയവും ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കാൻ സഹായകരമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ വ്യാവസായിക അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്നും മലയാളി സംരംഭകർ ഇവിടെ നിക്ഷേപിക്കാൻ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഹഡിൽ ഗ്ലോബൽ 2024 ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
139 രാജ്യങ്ങളിൽ മലയാളികളുടെ നേതൃത്വത്തിൽ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. നവീന വ്യവസായങ്ങളിൽ വിദേശ, ആഭ്യന്തര മൂലധന നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമായാണ് കേരളത്തെ അവതരിപ്പിക്കുന്നത്.
ഐ.ബി.എം കൊച്ചിയിൽ ഒരു ജനറേറ്റീവ് എ.ഐ ഇന്നൊവേഷൻ സെന്റർ തുടങ്ങി രണ്ട് വർഷത്തിനുള്ളിൽ 3000 തൊഴിലവസരം സാദ്ധ്യമാക്കി. ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിംഗിൽ കേരളം ഒന്നാം സ്ഥാനത്താണ്. ഈ സർക്കാർ അധികാരമേൽക്കുമ്പോൾ വ്യവസായങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിൽ കേരളം 28ാം സ്ഥാനത്തായിരുന്നു. എന്നാൽ പുതിയ വ്യവസായ നയവും പരിഷ്‌കാരങ്ങളും നടപ്പാക്കിയതിലൂടെ സംസ്ഥാനത്തിന് ഒന്നാം സ്ഥാനത്ത് എത്താനായെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് , കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്‌ടർ എസ് .ഹരികിഷോർ എന്നിവർ പങ്കെടുത്തു.