തിരുവനന്തപുരം: ജില്ലാ സ്കൂൾ കലോത്സവ നടത്തിപ്പിലെ വീഴ്ചകളെക്കുറിച്ചുള്ള വിവാദങ്ങൾ തീരുംമുമ്പേ മാദ്ധ്യമ പ്രവർത്തകർക്കെതിരെ ആക്ഷേപവുമായി കെ.ആൻസലൻ എം.എൽ.എ. നല്ലകാര്യങ്ങളെ പിന്തുണയ്ക്കുന്നതിനു പകരം വെറുതെ വിവാദങ്ങളുണ്ടാക്കാനാണ് ചില‌ർ ശ്രമിക്കുന്നതെന്നും മാദ്ധ്യമ പ്രവർത്തകരിൽ പലർക്കും കൃമികടിയാണെന്നുമാണ് ആൻസലൻ പറഞ്ഞത്. കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കലോത്സവത്തിന്റെ ഉദ്ഘാടന ദിവസം വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റിയത് വിവാദമായിരുന്നു. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തെ ന്യായീകരിച്ച് കെ.ആൻസലൻ എം.എൽ.എ മാദ്ധ്യമ പ്രവർത്തകർക്കെതിരെ ആക്ഷേപമുന്നയിച്ചത്. ആരുടെയും പ്രേരണയില്ലാതെയാണ് പ്ലസ് വൺ വിദ്യാർത്ഥി കൊടിമരത്തിൽ കയറിയതെന്നും ഫയർ ആൻഡ് റെസ്ക്യു പരിശീലനം കുട്ടിക്ക് ലഭിച്ചിരുന്നുവെന്നും എം.എൽ.എ പറഞ്ഞു.

പ്രതിഷേധിച്ച് കെ.യു.ഡബ്ലിയു.ജെയും പ്രസ് ക്ലബും

മാദ്ധ്യമ പ്രവർത്തകർക്കെതിരെ കെ.ആൻസലൻ എം.എൽ.എ നടത്തിയ ആക്ഷേപ പരാമർശത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ലിയു.ജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും പ്രസ് ക്ലബും പ്രതിഷേധിച്ചു. നടന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ജനപ്രതിനിധികൾ അത് ഉൾക്കൊള്ളാനുള്ള സഹിഷ്ണുത കാണിക്കണമെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫനും ജില്ലാ സെക്രട്ടറി അനുപമ ജി.നായരും പ്രസ്താവനയിൽ പറഞ്ഞു.

കുട്ടിയെ കൊടിമരത്തിൽ കയറ്റിവിട്ട് കാഴ്ചക്കാരായി നിന്ന എം.എൽ.എ ഉൾപ്പെടെയുള്ളവരുടെ പേരിൽ നിയമനടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മിഷൻ തയ്യാറാകണമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ.പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും അറിയിച്ചു.