mujeeb

കഴക്കൂട്ടം: സബ്ട്രഷറി തട്ടിപ്പ് കേസിൽ റിമാൻഡിലായ മുഖ്യപ്രതി കൊല്ലം സ്വദേശി മുജീബിനെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ട്രഷറി വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്ലർക്ക് മുജീബടക്കം ജൂനിയർ സൂപ്രണ്ടുമാരായ സാലി,സുജ അക്കൗണ്ടന്റുമാരായ ഷാജഹാൻ,വിജയരാജ്,ഗിരീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.എന്നാൽ കേസിൽ മുജീബിന് മാത്രമാണ് നേരിട്ട് പങ്കുള്ളതെന്നാണ് പൊലീസ് കരുതുന്നത്. മുജീബിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താൽ മാത്രമേ തട്ടിയ പണം എന്ത് ചെയ്തുവെന്ന് അറിയാൻ കഴിയൂവെന്ന് കഴക്കൂട്ടം എ.സി.പി നിയാസ് പറഞ്ഞു. മറ്റ് ഉദ്യാഗസ്ഥരാരെങ്കിലും മുജീബിനൊപ്പം തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ടോയെന്നും പരിശോധിക്കും.പലരിൽ നിന്നായി 16 ലക്ഷത്തോളം രൂപ വ്യാജ ചെക്കുപയോഗിച്ച് തട്ടിയ കേസിലെ പ്രധാന പ്രതിയും മുൻ ക്ലർക്കുമായ മുജീബ് കഴിഞ്ഞ തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ജൂണിലാണ് ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശി എം.മോഹനകുമാരിയുടെ അക്കൗണ്ടിൽ നിന്നും രണ്ടരലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് മരണപ്പെട്ടവരടക്കമുള്ളവരിൽ നിന്നും പണം തട്ടിയെടുത്തതായി തിരിച്ചറിഞ്ഞത്.