ശംഖുംമുഖം: ആൺ സുഹൃത്തിന്റെ വീട്ടിലെത്തി യുവതി കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചു. മുട്ടത്തറ കല്ലുമ്മൂട് പുതുവൽ പുത്തൻവീട്ടിൽ കെ.സിന്ധു(38) ആണ് മരിച്ചത്. മുട്ടത്തറ വടുവൊത്ത് എസ്.എൻ നഗറിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ ആൺസുഹൃത്തായ അരുൺ.വി.നായരുടെ വീട്ടിലാണ് യുവതി ജീവനൊടുക്കിയത്. ഇന്നലെ രാവിലെ 10.30നാണ് സംഭവം.യുവതി വീട്ടിലെത്തുമ്പോൾ അരുണിന്റെ മാതൃസഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവിവാഹിതനായ അരുൺ മറ്റൊരു വിവാഹം കഴിക്കാൻ നീക്കം നടത്തുന്നുവെന്ന വിവരം അറിഞ്ഞതിനെ തുടർന്നുണ്ടായ പ്രകോപനത്തിലായിരുന്നു യുവതി വീട്ടിൽ കടന്നുകയറി മുറിയ്ക്കുളളിൽ ആത്മഹത്യ ചെയ്തതെന്നാണ് പൂന്തുറ പൊലീസിന്റെ നിഗമനം.വ്യാഴാഴ്ച വൈകിട്ട് മണക്കാട് ഭാഗത്തുവച്ച് കാറിൽ വരികയായിരുന്ന അരുണിനെ തടഞ്ഞ് ഡോർ തുറന്ന് കത്തികൊണ്ട് സീറ്റുകൾ യുവതി കുത്തിക്കീറുകയും തടയാൻ ശ്രമിച്ച അരുണിന്റെ ഇടതുകൈയിൽ കുത്തേൽക്കുകയും ചെയ്തു. അടിപിടിയിൽ യുവതിയ്ക്കും പരിക്കേറ്റിരുന്നു. എന്നാൽ സംഭവം കേസാക്കിയില്ല. ഒരേ ക്ലാസിൽ പഠിച്ചിരുന്ന ഇവർ സ്‌കൂളിൽ നടന്ന പൂർവവിദ്യാർത്ഥി സംഗമത്തിനിടെയാണ് കണ്ടുമുട്ടിയത്. അരുണിനുവേണ്ടി യുവതി പണം കടം വാങ്ങി സഹായിച്ചിരുന്നുവെന്നും പറയുന്നുണ്ട്.ഇന്നലെ രാവിലെ അരുണിന്റെ വീട്ടിലെത്തിയ യുവതി കിടപ്പുമുറിയിലേക്ക് ഓടിക്കയറി. ഇത് തടയാൻ ശ്രമിച്ച അമ്മയുടെ സഹോദരിയെ തളളിമാറ്റി മുറിക്കുളളിൽ കയറി കതകടച്ച് കുറ്റിയിട്ടു. ഇവർ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാരെത്തി പൊലീസിനെ വിവരമറിയിച്ചു. നാട്ടുകാരും പൂന്തുറ പൊലീസും സ്ഥലത്തെത്തി മുറി ചവിട്ടി തുറന്നെങ്കിലും യുവതി മരിച്ചിരുന്നു. അരുണിനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. കൂടുതൽ അന്വേഷണം നടത്തുമെന്ന് പൂന്തുറ പൊലീസ് എസ്.എച്ച്.ഒ സാജു പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി. മരിച്ച സിന്ധു വിവാഹിതയാണ്. 2 മക്കളുണ്ട്.