vathikkan

ശിവഗിരിക്കുന്നും വത്തിക്കാൻ കുന്നും ദിവ്യസ്നേഹത്തിന്റെയും വിശുദ്ധ പ്രാർത്ഥനകളുടെയും ലഹരിയിലാണ്. പെരിയാർ തീരത്ത് ശ്രീനാരായണ ഗുരുവിന്റെ നിർദ്ദേശത്തെ തുടർന്ന് സംഘടിപ്പിച്ച ഏഷ്യയിലെ ആദ്യത്തെ സർവമത സമ്മേളനത്തിന്റെ ശതാബ്ദി സുഗന്ധം രണ്ടു കുന്നുകളും പരത്തുന്നു.

ശിവഗിരിയിൽ ജനനീ നവരത്നമഞ്ജരിയും ശാരദാസ്തവവും മുഴങ്ങിക്കൊണ്ടിരിക്കുന്നു. വത്തിക്കാൻ കുന്നിലാകട്ടെ ക്രിസ്‌തുദേവന്റെ ത്യാഗസുരഭിലമായ സ്‌മരണകളും വെളിപാടുകളും. ടൈബർ നദിയുടെ തീരത്താണ് വത്തിക്കാൻ. ഭൂമിയുടെ ആഭരണമാണ് വത്തിക്കാനെന്ന് അമേരിക്കൻ തത്ത്വചിന്തകനായ റാൽഫ് വാൽഡോ എമേഴ‌്‌സൺ വിശേഷിപ്പിച്ചിട്ടുണ്ട്. റോമിലെ ഏഴു കുന്നുകളിൽ ഏറ്റവും ഉയരമുള്ള കുന്നിലാണ് വത്തിക്കാൻ. ഒരുകാലത്ത് നീറോ ചക്രവർത്തിയുടെ ഉദ്യാന നഗരിയായിരുന്നു ഇവിടം. ഇപ്പോൾ ലോകത്തെ 125 കോടിയോളം വരുന്ന ക്രൈസ്‌തവ വിശ്വാസികളുടെ വിശുദ്ധ നഗരവും. വത്തിക്കാൻ ഒരു സ്വതന്ത്ര രാജ്യമാണെങ്കിലും വിസ്‌തൃതി 109 ഏക്കർ മാത്രം. ആയിരത്തി അഞ്ഞൂറിനടുത്ത താമസക്കാരേയുള്ളൂ.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ബുധനാഴ്ച തോറും മാർപാപ്പ വിശ്വാസികളെ കാണുന്ന 'ഉർബി എത്ത് ഓർബി" എന്ന ചടങ്ങുണ്ട്. വെളുപ്പിലും മഞ്ഞയിലുമുള്ള പേപ്പൽ പതാകകൾ ഉയർത്തിവീശി വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ എത്തുന്നു. പാപ്പ നീണാൾ വാഴട്ടെ എന്ന അർത്ഥത്തിൽ 'വിവാ ഇൽ പാപ്പ" എന്ന് അവർ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ 30,000 പേർക്ക് ഇരിക്കാം. 2015ൽ ദൈവദശകം രചനാ ശതാബ്ദിയോടനുബന്ധിച്ച് ശിവഗിരി സംഘടിപ്പിച്ച യൂറോപ്യൻ യാത്രയ്ക്കിടെ വത്തിക്കാൻ സന്ദർശിക്കാനായി. ഫ്രാൻസിസ് മാർപാപ്പയെ അടുത്തുകാണാനും വിശുദ്ധ പ്രാർത്ഥനയിൽ പങ്കെടുക്കാനുമായി.

വത്തിക്കാന്റെ ഒരു ഭാഗം അപ്പോസ്തലിക് കൊട്ടാരമാണ്. മാർപാപ്പയുടെ വാസസ്ഥലം, പേപ്പൽ അപ്പാർട്ടുമെന്റുകൾ, സർക്കാർ ഓഫീസുകൾ അങ്ങനെ ആയിരത്തോളം മുറികൾ. വത്തിക്കാൻ ലൈബ്രറി, വത്തിക്കാൻ മ്യൂസിയം, സിസ്റ്റൈൽ ചാപ്പൽ എന്നിവയും അതിന്റെ ഭാഗം.

സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് പ്രവേശിക്കാൻ അഞ്ചു വാതിലുകളുണ്ട്. വലത്തേയറ്റത്തുള്ളത് മാർപാപ്പയ്ക്കു പ്രവേശിക്കാനുള്ള വിശുദ്ധ കവാടം. ബസിലിക്കയുടെ മൊത്തം വിസ്‌തൃതി 48,500 ചതുരശ്ര അടി. വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിനു മുകളിലുള്ള അൾത്താരയ്ക്കു മുകളിലാണ് വിശ്വാസികളും സന്ദർശകരും വിസ്മയത്തോടെ നോക്കുന്ന കുംഭമകുടം പണിതിട്ടുള്ളത്. ബസിലിക്കയുടെ മുകളിൽ ബൈബിൾ മുഹൂർത്തങ്ങൾ തുടിക്കുന്ന ശില്പങ്ങൾ.

ലാളിത്യത്തിന്റെ പ്രതിരൂപമാണ് ഫ്രാൻസിസ് മാർപാപ്പ. ആഡംബരങ്ങളില്ല. ജാടയില്ല. കൊച്ചുകുട്ടികളുടെ നിഷ്‌കളങ്കത പ്രസരിക്കുന്ന മുഖവും പുഞ്ചിരിയും. കത്തോലിക്കാ സഭയിൽ നിരവധി നവീകരണങ്ങൾക്കും ഏറ്റുപറച്ചിലുകൾക്കും ക്ഷമയ്ക്കും സഹനത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നതിനും അദ്ദേഹം നേതൃത്വം നൽകിവരുന്നു. ഒരു ശ്വാസകോശവുമായിട്ടാണ് ഫ്രാൻസിസ് മാർപാപ്പ ജീവിക്കുന്നതെന്ന് യാത്രയ്ക്കിടയിൽ ഏതോ വിശ്വാസി പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.

നിന്ദിതരും പീഡിതരുമായ ജനതയെ നേർവഴിക്ക് നയിക്കാനും സ്നേഹം പകരാനുമാണ് ക്രിസ്‌തുദേവൻ ശ്രമിച്ചത്. അതിനുവേണ്ടിയുള്ള കല്ലും മുള്ളും നിറഞ്ഞ പാതകളിലൂടെ അദ്ദേഹം സഞ്ചരിച്ചു. എതിർപ്പുകളും അവഗണനകളും കല്ലേറുകളും ചാട്ടവാറടികളും ക്രിസ്‌തുദേവൻ പുഞ്ചിരിയോടെ സ്വീകരിച്ചു. സഹനത്തിന്റെയും സേവനത്തിന്റെയും സ്നേഹത്തിന്റെയും ദിവ്യപര്യായമായി അദ്ദേഹം മാറി. വത്തിക്കാൻ മ്യൂസിയത്തിലൂടെ സഞ്ചരിക്കുമ്പോൾ ആ നൊമ്പരചിത്രങ്ങൾ പീഡനകാലത്തെ ഓർമ്മിപ്പിക്കുന്നു. വത്തിക്കാനിലെ ലൈബ്രറിയിലും ലോകത്തെ എല്ലാ ക്ളാസിക് കൃതികളും പുരാണങ്ങളുമുണ്ട്. വേദനകളെ വേദപുസ്തകമാക്കിയ ക്രിസ്‌തുദേവന്റെ അക്ഷരസ്‌മാരകമാണ് ആ ലൈബ്രറി.

ക്രിസ്‌തുദേവനെപ്പോലെ ഗുരുദേവനും നിശബ്ദ സഞ്ചാരങ്ങൾക്കും ബോധവത്ക്കരണങ്ങൾക്കുമാണ് ശ്രമിച്ചത്. അരുവിപ്പുറം പ്രതിഷ്ഠാവേളയിൽ എതിർപ്പുള്ള വിഭാഗക്കാർ പോലും ഗുരുദേവന്റെ പുഞ്ചിരിയോടെയുള്ള മൗനത്തിനും മറുപടികൾക്കും മുന്നിൽ നിരായുധരായി. കോലത്തുകര, മണ്ണന്തല, കുന്നുംപാറ, തലശ്ശേരി, കായിക്കര, കോഴിക്കോട് ശ്രീകണ്ഠേശ്വരം, കണ്ണൂർ സുന്ദരേശ്വരം, പൂത്തോട്ട തുടങ്ങി എത്രയോ സ്ഥലങ്ങളിൽ ഗുരുദേവൻ പ്രതിഷ്ഠ നടത്തി. ദേവാലയത്തോടൊപ്പം വിദ്യാലയത്തിനും അദ്ദേഹം പ്രാധാന്യം നൽകി. കാരണം അറിവാണ് ദൈവമെന്ന് ഗുരു വിശ്വസിച്ചു. ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിലും സ്ഥാപിച്ച ആശ്രമങ്ങളിലും നിൽക്കുമ്പോൾ അനുഭവപ്പെടുന്ന അപൂർവവും നിർവൃതികരവുമായ ശാന്തി വത്തിക്കാനിലും അനുഭവപ്പെടും.

ഗുരുദേവൻ ശ്രീലങ്കയിലേക്കു മാത്രമേ രണ്ടുതവണ വിദേശയാത്ര നടത്തിയിട്ടുള്ളു. പക്ഷെ അദ്ദേഹത്തിന്റെ അദ്വൈത ദർശനവും മാനവദർശനവും ലോകം മുഴുവൻ സഞ്ചരിക്കുന്നു. ദൈവദശകം നൂറിലധികം ഭാഷകളിൽ പരിഭാഷപ്പെടുത്തിക്കഴിഞ്ഞു.

സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ കുംഭഗോപുര നിർമ്മിതിയോടെ മൈക്കലാഞ്‌ജലോ മഹാത്ഭുതമായി. ബസിലിക്ക മച്ചിൽ ശ്രീകൃഷ്ണനോട് സാദൃശ്യമുള്ള ചിത്രം സന്ദർശകരെ വിസ്മയിപ്പിക്കും. പീതാംബരവും മയിൽപ്പീലിയുമൊക്കെയുണ്ട് കുരിശുമരണമേറ്റുവാങ്ങിയ ക്രിസ്‌തുദേവനെ മടിയിൽ കിടത്തിയ കന്യാമറിയത്തിന്റെ മാർബിൾ ശില്പമായ 'പിയാത്ത" മാതൃസ്നേഹത്തിന്റെ പ്രതീകം. ശിവഗിരിയിലും വത്തിക്കാനിലുമെത്തുമ്പോൾ അവിശ്വാസിക്കു പോലും ലോകശാന്തിക്കായി ഒന്നു പ്രാർത്ഥിക്കാൻ തോന്നിപ്പോകും. മതമേതായാലും മനുഷ്യൻ നന്നാകാനുള്ള വരമേകുന്ന ശിവഗിരിക്കുന്നും സന്മനസുള്ളവർക്കെല്ലാം സമാധാനമരുളുന്ന വത്തിക്കാൻ കുന്നും ശാന്തിമന്ത്രങ്ങളാൽ പവിത്രമാണ്.

പുരുഷാകൃതി​ പൂണ്ട ദൈവമോ?

നരദി​വ്യാകൃതി​ പൂണ്ട ധർമ്മമോ?

പരമേശ പവി​ത്ര പുത്രനോ?

കരുണാവാൻ നബി​ മുത്തുരത്നമോ?

ആലുവയി​ലെ സർവമത സമ്മേളനം ഗുരുമനസി​ൽ ചി​ന്തയായി​ തെളി​ഞ്ഞപ്പോൾ വി​ടർന്ന അനുകമ്പാദശകത്തി​ലെ ഈ വരി​കൾ പലമതസാരവുമേകം എന്ന ദർശനത്തി​ലധി​ഷ്ഠി​തമാണ്. ഈ വരി​കൾ സാർവേദേശീയ വസന്തമാകുന്ന വേളയാണ് വത്തി​ക്കാനി​ൽ നടക്കുന്ന സർവമത സമ്മേളനവും ലോകമത പാർലമെന്റും.

ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചത് മഹാത്മാഗാന്ധിയുടെ ജീവിതത്തിലും കാഴ്ചപ്പാടിലും വലിയ മാറ്റമുണ്ടാക്കി. വത്തിക്കാനിൽ സർവമത സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പ ഗുരുദർശനങ്ങളെ ആശിർവദിക്കുമ്പോൾ അത് ലോകചരിത്രത്തെത്തന്നെ പുതിയ പ്രത്യാശയിലേക്ക് നയിക്കും.