a

ബംഗ്ളാദേശിൽ വിദ്യാർത്ഥികൾ തുടങ്ങിയ സംവരണ വിരുദ്ധ കലാപം പ്രധാനമന്ത്രിയായിരുന്ന ഷെയ്‌ഖ് ഹസീനയുടെ ഇന്ത്യയിലേക്കുള്ള പലായനത്തോടെ തത്കാലത്തേക്ക് ശമിച്ചെങ്കിലും ഇപ്പോൾ അത് ഹിന്ദു വിരുദ്ധ കലാപമായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്. ഹിന്ദു സന്യാസിയും ഹിന്ദു ന്യൂനപക്ഷത്തിന്റെ നേതാവുമായ ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെത്തുടർന്ന് പൊലീസും ഹിന്ദു പ്രക്ഷോഭകരും തമ്മിൽ തെരുവുയുദ്ധം തുടരുകയാണ്. ഇന്ത്യ ഇതിനെ അപലപിക്കുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്ത‌ിട്ടുണ്ട്. 1971-ലെ പോലെ ഇന്ത്യയുടെ പട്ടാളം ബംഗ്ളാദേശിലേക്ക് നീങ്ങേണ്ടിവരുമോ എന്ന ആശങ്ക പൊതുവെ വർദ്ധിച്ചിരിക്കുന്ന ഒരു സന്ദർഭമാണിത്. 1971-ൽ പതിമൂന്ന് ദിവസം നീണ്ടുനിന്ന യുദ്ധത്തിന് മുമ്പായി ഏതാണ്ട് ഒരു കോടിയോളം ബംഗ്ളാദേശികളാണ് ബംഗാളിലേക്ക് അഭയാർത്ഥികളായി വന്നത്. ഇവർക്ക് ഇന്ത്യ രക്ഷ ഒരുക്കുകയായിരുന്നു. ഇനി അതുപോലെയുള്ള ഒരു അഭയാർത്ഥി പ്രവാഹം താങ്ങാൻ ഇന്ത്യ ഒരുങ്ങാൻ സാദ്ധ്യതയില്ല. റോഹിങ്ക്യാൻ അഭയാർത്ഥികൾക്കും ഇന്ത്യ പ്രവേശനാനുമതി നൽകിയിരുന്നില്ല.

തീവ്ര മതമൗലിക വാദത്തെ അനുകൂലിക്കുന്ന ജമാ അത്തെ ഇസ്ളാമിയുടെ പിന്തുണയോടെയാണ് ബംഗ്ളാദേശിൽ യുവ വിദ്യാർത്ഥി നേതാക്കളും മറ്റും ഇപ്പോൾ ഭരണം നിയന്ത്രിക്കുന്നത്. ബംഗ്ളാദേശിലെ ന്യൂനപക്ഷമായ ഒരുകോടിയിലേറെ വരുന്ന ഹിന്ദുക്കളെ ഇന്ത്യയിലേക്ക് ഓടിച്ച് വിടാനുള്ള ഒരു വൻ ഗൂഢാലോചന ഇപ്പോഴത്തെ കലാപത്തിന് പിന്നിലുണ്ടെന്ന് സംശയിക്കണം. ഇതിന് പിന്നിൽ പാകിസ്ഥാന്റെയും ചൈനയുടെയും കരങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നത് കാണാതിരിക്കാനാവില്ല. ഹിന്ദുക്കൾക്ക് പുറമെ ബുദ്ധമതക്കാരും ക്രിസ്‌ത്യാനികളും ബംഗ്ളാദേശിലെ ന്യൂനപക്ഷങ്ങളിൽ ഉൾപ്പെടുന്നു. ഹസീനയുടെ സർക്കാർ നിലംപതിച്ചതിനുശേഷം മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ താത്‌കാലിക ഭരണ സംവിധാനം നിലവിൽ വന്നതിന് ശേഷം ന്യൂനപക്ഷങ്ങൾക്കു നേരെ രണ്ടായിരം അക്രമസംഭവങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. പാകിസ്ഥാനിൽ നിന്ന് ഒരു കപ്പൽ നിറയെ ആയുധങ്ങൾ ബംഗ്ളാദേശിൽ എത്തിച്ചേർന്നതായും റിപ്പോർട്ടുണ്ട്. മുഹമ്മദ് യൂനുസ് നോബൽ സമ്മാനം ലഭിച്ച പ്രമുഖനാണ്. പക്ഷേ അദ്ദേഹം ഇപ്പോൾ പിറകിൽ കാര്യങ്ങൾ നിയന്ത്രിക്കുന്ന മതമൗലിക വാദികൾക്ക് മുന്നിൽ നിറുത്താൻ കഴിയുന്ന ഒരു മുഖം മാത്രമാണവിടെ. ശ്രീലങ്കയിലേതു പോലെ സാമ്പത്തികമായ അരക്ഷിതാവസ്ഥയല്ല ബംഗ്ളാദേശിൽ പ്രക്ഷോഭത്തിന് കാരണമായത്. ഷെയ്‌ഖ് ഹസീനയുടെ ഭരണത്തിൻ കീഴിൽ ബംഗ്ളാദേശ് മെച്ചപ്പെട്ട സാമ്പത്തിക നില കൈവരിച്ചിരുന്നു. മതത്തിന്റെ രാഷ്ട്രീയമാണ് ബംഗ്ളാദേശിനെ കലുഷിതമാക്കുന്നത്. ഇതിന് പരിഹാരം ജനാധിപത്യ പ്രക്രിയയുടെ തിരിച്ചുവരവ് മാത്രമാണ്. ഇപ്പോഴെ താത്‌കാലിക സർക്കാരിന്റെ കീഴിൽ തിരഞ്ഞെടുപ്പ് നടന്നാൽ അത് നീതിപൂർവകമാകുമെന്ന് കരുതാനാവില്ല. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ഇടപെടൽ നിർണായകമാണ്. ഏതു രീതിയിലുള്ള ഇടപെടലാവും ഇന്ത്യ നടത്തുക എന്നത് വ്യക്തമല്ല. ഇന്ത്യയുമായി നാലായിരത്തിലേറെ കിലോമീറ്റർ അതിർത്തി പങ്കിടുന്ന ബംഗ്ളാദേശിൽ സംഘർഷം തുടരുന്നത് ഇന്ത്യയ്ത് അഭികാമ്യമല്ല. എന്നാൽ ഹിന്ദുക്കൾക്ക് നേരെയുള്ള കലാപം തുടർന്നാൽ ഇന്ത്യയ്ക്ക് ഇടപെടാതിരിക്കാനുമാവില്ല.