
തിരുവനന്തപുരം: ഈഡിസ് ഈജിപ്തി കൊതുകുകളുടെ ഉറവിട നശീകരണം ഫലപ്രദമാകാത്തതിനാൽ ഡെങ്കി, ചിക്കുൻ ഗുനിയ, മസ്തിഷ്‌ക ജ്വരം, സിക്ക കേസുകൾ അനുദിനം വർദ്ധിക്കുകയാണ്. കൊതുക് സാന്ദ്രത കേരളത്തിൽ വളരെ കൂടുതലാണ്. അതിനാൽ സമീപഭാവിയിൽ കേരളം നേരിടാൻ പോകുന്നത് മഞ്ഞപ്പനി(യെല്ലോ ഫീവർ)ഭീഷണിയാണെന്ന് ആരോഗ്യവിദഗ്ദ്ധൻ ഡോ.ബി. ഇക്ബാൽ പറഞ്ഞു. എല്ലാവരും ഒരുപോലെ മനസുവച്ചാൽ ചെയ്യാവുന്നതാണ് കൊതുകിന്റെ ഉറവിട നശീകരണം. എന്നാൽ അതിലുണ്ടാകുന്ന പാളിച്ചയാണ് ജീവനുകൾ നഷ്ടമാകുന്നത്. ചിക്കുൻ ഗുനിയയും ഡെങ്കിയും വ്യാപകമായപ്പോൾത്തന്നെ സിക്കയുടെ സാദ്ധ്യത ചൂണ്ടിക്കാട്ടിയതാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിനെക്കാൾ വേഗത്തിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യാനുള്ള സാദ്ധ്യത കൂടുതലാണ്. ആഫ്രിക്കയിലും തെക്കേ അമേരിക്കയിലുമാണ് നിലവിൽ മഞ്ഞപ്പനിയുള്ളത്. മറ്റു വിദേശരാജ്യങ്ങളിലുമുണ്ട്. എന്നാൽ ഇവിടേക്കെല്ലാം തൊഴിൽപരമായും വിനോദയാത്രയ്ക്കും കേരളീയരുടെ യാത്ര വർദ്ധിച്ചിട്ടുണ്ട്. രാജ്യത്ത് എവിടെയെങ്കിലും ഇത് റിപ്പോർട്ട് ചെയ്താൽ മാറിയ സാഹചര്യത്തിൽ 72 മണിക്കൂറിനുള്ളിൽ ഇത് എല്ലാ സംസ്ഥാനങ്ങളിലേക്കും എത്തും. രാജ്യത്ത് ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണെന്ന യാഥാർത്ഥ്യം മറക്കരുത്, ഡോ.ബി. ഇക്ബാൽ ചൂണ്ടിക്കാട്ടി.
തിരിച്ചറിയണം, തടയണം
ഈഡിസ് ഈജിപ്തി കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് വളരുന്നത്.
വീടിന്റെയും ഓഫീസിന്റെയും ചുറ്റുപാടും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
പൂച്ചട്ടി, ടെറസ്,ഫ്രിഡ്ജ് ട്രേ തുടങ്ങിയ ഇടങ്ങളിൽ വെള്ളം കെട്ടുനില്ലെന്ന് ഉറപ്പാക്കണം.
ആഴ്ചയിൽ ഒരിക്കലെങ്കിലും ഡ്രൈ ഡേ ആചരിക്കണം.
റബർ തോട്ടങ്ങളിലുള്ള ചിരട്ടകൾ കമഴ്ത്തിവയ്ക്കണം.
ഈഡിസ് കൊതുകുകൾ അധിക ദൂരം സഞ്ചരിക്കില്ല.
വൈകിട്ട് വീടിന്റെ വാതിലും ജനലും അടച്ചിടണം.
കൊതുകുവലകൾ ഉപയോഗിക്കണം.
50ശതമാനവും മാരകമാകും!
പനി,തലവേദന,ഓക്കാനം,ഛർദ്ദി ഇവയാണ് സാധാരണ ലക്ഷണങ്ങൾ. എന്നാൽ രക്തസ്രാവത്തിലേക്ക് ഇത് നയിക്കും. ഹൃദയം, കരൾ, വൃക്ക എന്നിവയെ തകരാറിലാക്കും. 50ശതമാനം കേസുകളും മാരകമായേക്കാം. മഞ്ഞപ്പനി ആദ്യഘട്ടത്തിൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്, മലേറിയ അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് എന്നിവയുമായി സാമ്യതയുണ്ട്. കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനം തകരാറിലാക്കൽ, മൂക്ക്, വായ, കണ്ണ് എന്നിവിടങ്ങളിൽ നിന്ന് രക്തസ്രാവം, വയറുവേദനയും ഛർദ്ദിയും, ചിലപ്പോൾ രക്തവും ഛർദ്ദിക്കും. തലച്ചോറിന്റെ പ്രവർത്തനം തകരാറിലാകും.