photo

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ പൊതുശ്മശാനമെന്ന ആവശ്യം അനന്തമായി നീളുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. നഗരപരിധിയിൽ ആരെങ്കിലും മരണപ്പെട്ടാൽ സമീപത്തെ പഞ്ചായത്തുകളിലെ ശ്മശാനങ്ങളിലും ശാന്തികവാടത്തിലും അടക്കം ചെയ്യുകയാണ് പതിവ്. ഇതിനായി അധികതുകയാണ് പൊതുജനങ്ങൾ ചെലവാക്കേണ്ടിവരുന്നത്. പെരുമ്പഴുതൂരിലെ ജനവാസ മേഖലയിൽ പൊതുശ്മശാനം നിർമ്മിക്കാനുള്ള തീരുമാനം മാറ്റി നെയ്യാറ്റിൻകര നഗരസഭാ ഭരണസമിതി ഇപ്പോൾ പ്ലാവില വാർഡിലാണ് മലയിൽ സ്ഥലം വാങ്ങി നിർമ്മാണം തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.

ഇത് ചവറുസംസ്കരണ പ്ലാന്റാണോയെന്ന് നാട്ടുകാർക്ക് സംശയം വന്നതിനെ തുടർന്ന് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനുവേണ്ടി അവർ സ്റ്റേയും വാങ്ങിയിട്ടുണ്ട്. മാത്രമല്ല മലഞ്ചാണി മലയിൽ ചവർ സംസ്കരണ കേന്ദ്രമോ ഗ്യാസിൽ പ്രവർത്തിക്കുന്ന പൊതുശ്മശാനമോ നിർമ്മിക്കാൻ മുതിർന്നാൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ തടയുമെന്നാണ് പറയുന്നത്. നഗരസഭയുടെയും സർക്കാരിന്റെയും കൈവശം നഗരസഭാപരിധിയിൽ നിരവധി സ്ഥലങ്ങൾ ഉള്ളപ്പോൾ ഇത്തരത്തിലുള്ള സ്ഥലങ്ങൾ വാങ്ങുന്നതുവഴി ലക്ഷങ്ങളുടെ നഷ്ടമാണ്

നഗരസഭയ്ക്ക് ഉണ്ടാകുന്നത്. പ്ലാവിള മലഞ്ചാണി സമരസമിതി വരും ദിവസങ്ങളിൽ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നാണ് പറയുന്നത്. ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര നഗരസഭയ്ക്ക് മുന്നിൽ നടത്തിയ ജനകീയപ്രക്ഷോഭം വരുംദിവസങ്ങളിൽ ശക്തിപ്പെടുത്തും.

നാട്ടുകാർ എതിർപ്പിൽ

നഗരസഭയുടെ സബ് കമ്മിറ്റികളാണ് ശ്മശാനം എവിടെ സ്ഥാപിക്കണമെന്ന തീരുമാനമെടുക്കാറുള്ളത്. മാസങ്ങൾക്കു മുമ്പ് പെരുമ്പഴുതൂരിലെ കടവൻകോട്ട് കോളനിയിൽ പിന്നാക്ക ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനുള്ള സ്ഥലത്താണ് നെയ്യാറ്റിൻകര നഗരസഭ ഇലക്ട്രിക്ക് ക്രിമറ്റോറിയം സ്ഥാപിക്കാനായി തിരഞ്ഞെടുത്തതെങ്കിലും ശ്മശാനം സ്ഥാപിക്കാനായില്ല. നാട്ടുകാർ ഇതിനെതിരാണ്. പെരുമ്പഴുതൂർ ജംഗ്ഷനിൽ നിന്നും ഇടുങ്ങിയ റോഡാണ് ഇതിനായി തിരഞ്ഞെടുത്തത്.

നെയ്യാറ്റിൻകര തൊഴുക്കലും, ഗ്രാമത്തും, വ്ലങ്ങാമുറിയിലും ശ്മശാനത്തിനു യോഗ്യമായ സ്ഥലം ഉണ്ടായിരിക്കെയാണ് കടവാങ്കോട് കോളനിയിൽ നഗരസഭാ ശ്മാശാനം നിർമ്മിക്കാൻ പിടിവാശി കാണിക്കുന്നത്. 2017 മുതൽ കോട്ടൂർ, അയണീയറത്തല, കടവാങ്കോട് നിവാസികൾ സമരത്തിലാണ്.

അനുയോജ്യമായ സ്ഥലം

തൊഴുക്കലിൽ സർക്കാർ വക വർഷങ്ങൾ പഴക്കമുള്ള പിന്നാക്ക വിഭാഗത്തിനുള്ള സെമിത്തേരിയുണ്ട്. ഇവിടെ ശ്മശാനം നിർമ്മിക്കാമെങ്കിലും നഗരസഭാ തയ്യാറാകുന്നില്ല. ഇതിനോടു ചേർന്നുള്ള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏക്കർ കണക്കിന് സ്ഥലം കൈയേറുന്നതും പതിവായിട്ടുണ്ട്. തൊഴുക്കൽ സ്മശാനം ഇപ്പോൾ കളിക്കളമായാണ് ഉപയോഗിക്കുന്നത്. നെയ്യാറ്റിൻകര നഗരസഭയിലെ 44 വാർഡുകളിലെ മരണപ്പെടുന്നവരുടെ ശവസംസ്കാരം നടത്താൻ ഏറ്റവും അനുയോജ്യമായ സ്ഥലവും തൊഴുക്കൽ പരിസരത്തുള്ള പൊതുശ്മശാനമാണ്. സർക്കാർ ആശുപത്രിയിൽ മരണപ്പെടുന്ന ഉറ്റവരില്ലാത്ത മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നതും ഇവിടെയായിരുന്നു.