
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കർഷക രക്ഷയ്ക്കുള്ള 'കേര' പദ്ധതിയിൽ സംസ്ഥാന വിഹിതം തീരെ കുറഞ്ഞ പലിശനിരക്കിൽ നബാർഡിൽ നിന്ന് ലഭിക്കും. പദ്ധതി നടപ്പായാൽ 5 ലക്ഷം കർഷകർക്ക് നേരിട്ടും 10 ലക്ഷംപേർക്ക് പരോക്ഷമായും ഗുണംലഭിക്കും. എന്നിട്ടും വിവിധ വകുപ്പുകളുടെ തർക്കത്തിൽ തട്ടി മുടങ്ങുകയാണ് പദ്ധതി. ഡെപ്യൂട്ടേഷനിലായാലും ഉന്നത തസ്തികകൾ വേണമെന്ന വിവിധ വകുപ്പുകളുടെ പിടിവാശിയാണ് കാരണം.
മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് പ്രോജക്ട് ഡയറക്ടർ. ഒരു ഐ.എ.എസ്, രണ്ട് കെ.എ.എസ് ഉദ്യോഗസ്ഥരെ ജോയിന്റ് ഡയറക്ടർമാരാക്കി. കാർഷിക സർവകലാശാല, വ്യവസായ ഡയറക്ടറേറ്റ്, പ്ലാന്റേഷൻ ഡയറക്ടറേറ്റ്, കിൻഫ്ര, സ്റ്റാർട്ടപ്പ് മിഷൻ എന്നിവിടങ്ങളിലായി നാല് പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റുകളുമുണ്ട്. സംസ്ഥാന പ്രോജക്ട് മാനേജ്‌മെൻ്റ് യൂണിറ്റിൽ 14ഉം മൂന്ന് റീജിയണൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുകളിൽ 15ഉം പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റുകളിൽ 7ഉം തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നിട്ടും കൂടുതൽ ഉന്നത തസ്തികൾക്കായി കൃഷി,വ്യവസായം,ഐ.ടി,പ്ലാന്റേഷൻ, ധനം,പൊതുഭരണ വകുപ്പുകൾ വാശിപിടിക്കുകയാണ്. അതിനാൽ, തീരുമാനം ചീഫ് സെക്രട്ടറിക്ക് വിട്ടിരിക്കുകയാണ്.
പദ്ധതിക്ക് ജനുവരി 11ന് മന്ത്രിസഭയും ആഗസ്റ്റ്29ന് കേന്ദ്രസർക്കാരും ഒക്ടോബർ31ന് ലോകബാങ്കും അംഗീകാരം നൽകിയിട്ടും പ്രോജക്ട് മാനേജ്മെന്റ് ഘടന തീരുമാനിക്കാത്തതിനാൽ കരാറൊപ്പിടാനായിട്ടില്ല. 2365.5 കോടിയുടെ പദ്ധതിയിൽ ലോകബാങ്ക് വായ്പ 1655.85കോടി. സംസ്ഥാന വിഹിതം 709.65കോടി. സംസ്ഥാനങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ സഹായിക്കുന്ന നബാർഡിന്റെ 'റിയാസ്' വായ്പാപദ്ധതിയിൽ നിന്ന് ഈ വിഹിതം തീരെകുറഞ്ഞ പലിശയ്ക്ക് ലഭ്യമാവുമെന്നതിനാൽ സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാകില്ല.
ലോകബാങ്ക വായ്പയ്ക്ക് ഇരുപത്തിമൂന്നര വർഷം തിരിച്ചടവ് കാലാവധിയും 6വർഷം മൊറട്ടോറിയവുമുണ്ട്. മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കിയും ഐ.ടി സഹായത്തോടെയും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന കൃഷിരീതികളൊരുക്കിയും കാർഷിക മേഖലയെ സംരക്ഷിക്കുന്നതാണ് പദ്ധതി.
നെല്ലിനും നാളീകേരത്തിനും ഗുണകരം
കാലാവസ്ഥാപ്രതിരോധ കൃഷിസാങ്കേതികവിദ്യകൾ
കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള വിളമാനേജ്മെന്റ്
സുസ്ഥിര നാളീകേര ഉത്പാദനത്തിന് പ്രത്യേക പദ്ധതി
പാലക്കാട്ടും തൃശൂരിലും ലോ-എമിഷൻ-റൈസ് കൃഷിരീതി
ഏലം,റബർ,കാപ്പി എന്നിവ പുനർനടീലിന് സഹായം
തരിശുഭൂമി കൃഷിക്കായി സജ്ജമാക്കാനും പദ്ധതി
100കോടി
വായ്പ നൽകാൻ ധനകാര്യ
സ്ഥാപനങ്ങൾക്ക് ക്രെഡറ്റ് ഗ്യാരന്റി