1

ശംഖുംമുഖം: അന്നം തേടിപ്പോയ പപ്പയെ ഒരുനോക്ക് കാണണമെന്ന പ്രാർത്ഥനയോടെ ഓഖി ഓർമ്മപുതുക്കൽ ദിനത്തിൽ എട്ടുവയസുകാരി തിരിതെളിച്ചത് കണ്ടുനിന്നവർക്കും നൊമ്പരമായി. തീരദേശത്തെ താറുമാറാക്കിയ ഓഖി ആഞ്ഞടിച്ചിട്ട് ഏഴ് വർഷങ്ങൾ പിന്നിടുന്നതിന്റെ ഓർമ്മയ്ക്കായി മത്സ്യത്തൊഴിലാളികൾ ശംഖുംമുഖം കടപ്പുറത്ത് സംഘടിപ്പിച്ച ഓഖി അനുസ്മരണത്തിലാണ് പൂന്തുറ സ്വദേശിയായ നിമിഷ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചത്.

നിമിഷയ്ക്ക് ഒരു വയസുള്ളപ്പോഴാണ് പിതാവ് കുമാർ എഡ്വേഡിനെ കടലിൽ കാണാതായത്. അറിവായ കാലം മുതൽ പപ്പ തിരിച്ച് വരുമെന്ന പ്രതീക്ഷയിലാണ് നിമിഷ. നിമിഷയുടെ അമ്മയും രണ്ട് സഹോദരിമാരും തീരാനൊമ്പത്തിൽ കാത്തിരിക്കുകയാണിപ്പോഴും. 2017 നവംബർ 29ന് രാത്രിയിലാണ് ഉൾക്കടലിൽ 185 കിലോമീറ്റർ വേഗതയിൽ ചുഴറ്റിയടിച്ച ഓഖി കാറ്റിൽ 52പേർ മരിക്കുകയും 104 പേരെ കാണാതാവുകയും ചെയ്തത്. അടിമലത്തുറ മുതൽ വേളി വരെയുള്ള ജില്ലയുടെ തീരങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. കൂടുതലും പൂന്തുറയിലും വിഴിഞ്ഞത്തുമാണ്. ഓഖിയിൽ നിന്നും രക്ഷപ്പെട്ട പൂന്തുറയിലെ 78 പേരിൽ ഭൂരിപക്ഷവും ഗുരുതര രോഗങ്ങളുടെയും മാനസിക വിഭ്രാന്തിയുടെയുടെയും പിടിയിലാണ്. ചിലർ രോഗബാധിതരായി മരിച്ചു.