pension

തിരുവനന്തപുരം:പാവങ്ങൾക്കുള്ള 1600രൂപയുടെ ക്ഷേമപെൻഷൻ അതിസമ്പന്നരും ഗസറ്റഡ് ഉദ്യോഗസ്ഥരുമടക്കം തട്ടിയെടുത്തതിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് അന്വേഷണം. എല്ലാ ജില്ലകളിലും തട്ടിപ്പ് നടന്നതായും തുകയുടെ വ്യാപ്തിയും തട്ടിപ്പിന്റെ രീതികളും കണ്ടെത്തുമെന്നും വിജിലൻസ്‌മേധാവി യോഗേഷ് ഗുപ്ത 'കേരളകൗമുദി'യോട് പറഞ്ഞു.

സർക്കാർ പണം തട്ടിയെടുത്തത് അഴിമതിയും സാമ്പത്തിക കുറ്റവും സർക്കാർ സംവിധാനത്തിന്റെ ദുരുപയോഗവുമാണെന്ന് അദ്ദേഹം പറഞ്ഞു. പെൻഷൻ തട്ടാൻ നൽകിയ വ്യാജരേഖകൾ,​ ഏതൊക്കെ ഉദ്യോഗസ്ഥരാണ് പെൻഷൻ അനുവദിച്ചത്,​ അനർഹരെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം,​ അനർഹരുടെ പട്ടിക അംഗീകരിച്ചതാര്, ഇതിന് സർക്കാർ അനുമതി എങ്ങനെ ലഭിച്ചു, പെൻഷൻ തുക പോവുന്ന അക്കൗണ്ടുകൾ,​ ഗുണഭോക്താക്കളെക്കുറിച്ചുള്ള പരിശോധനയിലെ പിഴവ് എന്നിവയെല്ലാം അന്വേഷിക്കും. ഇതിനായി വിവിധവകുപ്പുകളുടെ ഫയലുകളും രേഖകളും പരിശോധിക്കും.

പെൻഷൻ തട്ടിപ്പ് തടയാനും ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിലെ പിഴവുകൾ തിരുത്താനുമുള്ള നിർദ്ദേശങ്ങൾ വിജിലൻസ് സർക്കാരിന് സമർപ്പിക്കും.

വൻതുക തട്ടിയവർക്കെതിരെ ഭാരതീയ നാഗരിക് സുരക്ഷാസംഹിത (ബി.എൻ.എസ്.എസ്) സെക്‌ഷൻ-111 പ്രകാരം സ്വത്ത് കണ്ടുകെട്ടൽ അടക്കം നടപടിയെടുക്കണം. തട്ടിപ്പുകാർക്കെതിരേ ശക്തമായ നടപടി വേണെന്നും വിജിലൻസ് മേധാവി പറഞ്ഞു.

കോട്ടയ്ക്കലിൽ മാത്രം ഒതുക്കില്ല

തട്ടിപ്പിന് കൂട്ടുനിന്ന എല്ലാ ഉദ്യോഗസ്ഥർക്കുമെതിരെ വിജിലൻസ് അന്വേഷണത്തിനാണ് സർക്കാർ നിർദ്ദേശം. കോട്ടയ്ക്കൽ നഗരസഭയിലെ ഏഴാംവാർഡിൽ പെൻഷൻ വാങ്ങുന്നവരിൽ ഭൂരിപക്ഷവും അനർഹരാണെന്ന് കണ്ടെത്തിയതോടെയാണ് ധനവകുപ്പ് പരിശോധന നിർദ്ദേശിച്ചത്.

പാളിയ 4ഘട്ട പരിശോധന

1)പെൻഷനുള്ള അപേക്ഷകൾ ആദ്യം തദ്ദേശസ്ഥാപനങ്ങളിലെ
ഉദ്യോഗസ്ഥൻ ഫീൽഡ് വെരിഫിക്കേഷൻ നടത്തണം.

2)വില്ലേജ് ഓഫീസർ അപേക്ഷകരുടെ വാർഷികവരുമാനം ഒരുലക്ഷത്തിൽ താഴെയാണ് സാക്ഷ്യപ്പെടുത്തണം.

3)ഇത് ലഭിച്ചശേഷം തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറി ഗുണഭോക്താക്കളുടെ പട്ടിക സർക്കാരിന് കൈമാറും.‌

4)എല്ലാവർഷവും തദ്ദേശസ്ഥാപനങ്ങൾ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് നടത്തി അർഹത ആവർത്തിച്ചുറപ്പിക്കണം.

അനർഹർ

രണ്ടേക്കറിലധികം കൃഷിഭൂമിയുള്ളവർ

2000ച. അടിയിലേറെ വലിപ്പമുള്ളവീട്

1000 സി.സിയിലേറെയുള്ള വണ്ടിയുള്ളവർ

കുടുംബവരുമാനം ഒരു ലക്ഷത്തിലേറെ

''സംസ്ഥാനമാകെ അന്വേഷിച്ച് തട്ടിപ്പിന്റെ വഴി കണ്ടെത്തും. പെൻഷൻതട്ടിപ്പ് ഇനിയുണ്ടാവരുതെന്നാണ് സർക്കാർ നിർദ്ദേശം''

-യോഗേഷ്‌ഗുപ്ത

വിജിലൻസ് മേധാവി

₹50,000കോടി

ഈസർക്കാരിന്റെ കാലത്ത് പെൻഷൻ നൽകുമെന്ന് ധനമന്ത്രി നിയമസഭയിൽ പറഞ്ഞത്